തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ടെന്നും അടുത്ത മണിക്കൂറില്‍ ഇതിന്‍റെ ശക്തി വര്‍ധിച്ച് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരളത്തില്‍ മേയ് 16വരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വൈകിട്ടോടെ അതിതീവ്ര ന്യൂനമർദമായി മാറി. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകി. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി (Cyclonic Storm)മാറുമെന്നും ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായും (Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ മെയ് 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം സംസ്ഥാനത്ത് കാലവർഷം മെയ് 31ഓടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 2021 ലെ തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31 നു കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മോഡൽ അനുമാനങ്ങളിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യത കണക്കാക്കുന്നുണ്ട്.