ചങ്ങനാശ്ശേരി: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്.
പൗരന്മാര്ക്ക് ഇന്ത്യന്‍ എംബസി എല്ലാ സഹായവും ഒരുക്കണം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജോലിക്ക് പോകാന്‍ കഴിയാതെ താമസസ്ഥലത്ത് കഴിയുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പ്രവാസി അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. മലയാളികള്‍ക്ക് സഹായം എത്തിക്കുന്നതിന് നോര്‍ക്ക സ്പെഷ്യല്‍ ഓഫീസറെ നിയമിക്കണം. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തണം.
ചങ്ങനാശേരി അതിരൂപതാംഗങ്ങളായ പ്രവാസികളെ സഹായിക്കാന്‍ അപ്പോസ്തലേറ്റ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇസ്രയേലില്‍ സമാധാനം പുലരാന്‍ പ്രവാസി അപ്പോസ്തലേറ്റ് ഗള്‍ഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രത്യേക പ്രാര്‍ഥനാദിനം ആചരിക്കുമെന്നും ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍കളം അറിയിച്ചു.
ഇസ്രായേലിൽ കഴിഞ്ഞ ദിവസം ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടതിൽ പ്രവാസി അപ്പോസ്തലേറ്റ് അനുശോചിച്ചു.