വൃദ്ധൻ മരിച്ചത് കൊറോണ മൂലമല്ലെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: മലപ്പുറം സ്വദേശിയായ വൃദ്ധൻ കൊറോണ മൂലമല്ല മരിച്ചതെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം കീഴാറ്റൂരില്‍ സ്വദേശിയായ വീരാൻകുട്ടി ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.
നേരത്തെ കൊറോണ ബാധ സ്ഥിരീകരിച്ച വീരാന്‍കുട്ടിയുടെ അവസാനത്തെ മൂന്ന് പരിശോധന ഫലവും നെഗറ്റീവ് ആണ്.
ഇതോടെയാണ് വീരാൻകുട്ടി കൊറോണ ബാധ മൂലമല്ല മരിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.

മാര്‍ച്ച്‌ 31ന് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് വീരാന്‍കുട്ടിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ മൂന്നിന് ആലപ്പുഴ എന്‍.ഐ.വിയില്‍ നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് കൊറോണയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
വിദഗ്ധ ചികിത്സക്കു ശേഷം ഏപ്രില്‍ ഏഴ്, 10 തീയ്യതികളില്‍ നടത്തിയ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു.

ഏപ്രില്‍ 13 ന് വൈകുന്നേരം നാലിന് അതികഠിനമായ നെഞ്ചുവേദനയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്നുള്ള പരിശോധനയിൽ ഇയാൾക്ക് ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി. ഉടന്‍തന്നെ ഇതിനുള്ള ചികിത്സയും ആരംഭിച്ചു. ഏപ്രില്‍ 13 ന് മൂന്നാമത്തെ സാമ്പിള്‍ പരിശോധനാ ഫലത്തിലും കൊറോണ നെഗറ്റീവായിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ പല രോഗങ്ങളാൽ വീരാൻ കുട്ടി ആരോഗ്യനില വഷളാകുകയും ഇന്ന് പുലർച്ചെ മരിക്കുകയുമായിരുന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.