ആലപ്പുഴ: നിർണായക രാഷ്ട്രീയ മാറ്റങ്ങൾക്കും തീരുമാനങ്ങൾക്കും വേദിയായ ചാത്തനാട്ടെ കളത്തിപ്പറമ്പില്‍ വീടിന് ഇനി നാഥയില്ല. ദീർഘനാളായി തിരക്കൊഴിഞ്ഞ അപൂർവ്വമായെത്തുന്ന വേണ്ടപ്പെട്ടവരായിരുന്നു കേരളത്തിൻ്റെ ഇതിഹാസ വനിതയെ കാണാനെത്തിയിരുന്നത്. ഇനി അതുമില്ല.
കേരളരാഷ്ട്രീയത്തില്‍ ആഘോഷിക്കപ്പട്ട രണ്ട് കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രണയ പരിലാളനകള്‍ ഏറ്റുവാങ്ങിയ വീട്-ആദ്യമന്ത്രിസഭയിലെ ദമ്പതികള്‍ മുന്‍ മന്ത്രിമാരായ ടി.വി. തോമസും കെ.ആർ. ഗൗരിയമ്മയും താമസിച്ച കളത്തിപ്പറമ്പില്‍ വീട്ടിലെ ആരവം നിലച്ചു. വല്ലാത്തൊരു ശൂന്യത. കേരളത്തിൻ്റെ ധീരവനിതയുടെ ഓര്‍മകളുടെ തിരയിളക്കം മാത്രം ഇവിടെ ശേഷിക്കും.
അനേക വർഷങ്ങൾ ചാത്തനാട്ടെ കളത്തിപറമ്പിൽ തറവാട് തന്നെയായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയ കേന്ദ്രവും. സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1994 ൽ ഗൗരിയമ്മയെ പാർട്ടി പുറത്താക്കിയപ്പോഴും ഏറെ നിർണായക തീരുമാനങ്ങൾക്കും ഇവിടം വേദിയായി. തുടർന്നാണ് കെ.കെ.കുമാരപിള്ള, കെ വേണു, കെ അജിത, രാജൻ ബാബു, ലാൽ കോയിൽ പറമ്പിൽ തുടങ്ങിയവരെ ഒപ്പം നിർത്തി ഗൗരിയമ്മ ജെ എസ് എസ് രൂപീകരിച്ച് രണ്ടാമത്തെ തേരോട്ടത്തിന് തുടക്കം കുറിച്ചത്.
പിന്നീട് രാഷ്ട്രീയത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് ഇവിടം വേദിയായി. ഒപ്പമുള്ളവരും തള്ളി പറഞ്ഞവരും ഗൗരിയമ്മയെ തേടിയെത്തി, അനുഗ്രഹങ്ങൾക്കായി .ദിവസങ്ങള്‍ക്കു മുമ്പാണ് വാര്‍ധക്യത്തിന്റെ അവശതകള്‍ മൂലം ഇവിടുത്തെ താമസത്തിനു തിരശീലയിട്ടു ഗൗരിയമ്മ തലസ്ഥാനത്തേക്കു യാത്രയായതും.
ഇനി ടിവിയുടെ ചില്ലിട്ട ചിത്രങ്ങൾ മാത്രമാണ് ഇവിടെ ശേഷിക്കുന്നത്. ടി.വി തോമസിന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ശേഷിക്കുന്ന ഈ വീട്ടിലായിരുന്നു ഗൗരിയമ്മയുടെ ജീവിതം. പാര്‍ട്ടിയിലും ജീവിതത്തിലും വേര്‍പിരിഞ്ഞിട്ടും വീട്ടിലെ ഭിത്തിയില്‍ ടിവിയുടെ ചില്ലിട്ട ചിത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു. പിതാവ് വാങ്ങി നല്കിയ വീട് ഗൗരിയമ്മയ്ക്ക് നല്കി ടി.വി. വാടക വീട്ടിലേക്കു മാറുകയായിരുന്നു. ടി.വി. തോമസിന്റെ പിതാവും ഭൂപ്രഭുമായിരുന്ന ടി.സി. വര്‍ഗീസ്, ചാണ്ടി വക്കീലിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ചാത്തനാട്ടിലെ വീടും പറമ്പും വാങ്ങി മകനു നല്‍കുകയായിരുന്നു. പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടി.വി. തോമസും ഗൗരിയമ്മയും താമസം അങ്ങോട്ടേക്കു മാറ്റിയത്.