ദി ലാസ്റ്റ് വിഷ് ; മരണത്തിലും പതിവ് തെറ്റിക്കാതെ ജന്മദിനാശംസകൾ നേർന്ന് മെരുകാ രാജേശ്വര റാവു ; യുവസുഹൃത്തിൻ്റെ വേർപാടിൽ കണ്ണീരണിഞ്ഞ് കെവി തോമസ്

കൊച്ചി: പിറന്നാൾ ദിനത്തിൽ വേദനിപ്പിക്കുന്ന സ്മരണകൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് കെവി തോമസ്. °ദി ലാസ്റ്റ് വിഷ്. ഇന്നെന്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളിൽ എനിക്കുള്ള പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എന്റെ യുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു”. കെ.വി തോമസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇത്.

പത്തുവർഷങ്ങളായി തുടർച്ചയായി ഇങ്ങനെ പത്രത്തിൽ അദ്ദേഹത്തിന് ആശംസകൾ കിട്ടുന്നുണ്ട്. ഇനി അതുണ്ടാകില്ല. ഇത്തവണ വന്ന ആശംസകൾ കാണുന്നതിന് മുമ്പേ കെ.വി.തോമസിന് ആ സുഹൃത്തിനെ നഷ്ടപ്പെട്ടു. വർഷങ്ങളായി താൻ തുടർന്നുവരുന്ന ആശംസാ പരസ്യം ഇത്തവണയും പത്രത്തിൽ വരുമെന്ന് ഉറപ്പാക്കിയ ശേഷമാണ് ഹൈദരാബാദ് സ്വദേശിയായ മെരുകാ രാജേശ്വ റാവു മരണത്തിന് കീഴടങ്ങിയത്.

വ്യാഴാഴ്ചയാണ് 48-കാരനായ കോൺഗ്രസ് നേതാവ് മെരുകാ രാജേശ്വ റാവു കൊറോണ ബാധിച്ച് മരിച്ചത്. തന്റെ പിറന്നാൾ ദിനത്തിൽ കെ.വി.തോമസ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചതാണ് സുഹൃത്തിന്റെ ആശംസയും അദ്ദേഹത്തെ നഷ്ടമായ വിവരവും .

കെ.വി.തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

ദി ലാസ്റ്റ് വിഷ്.

ഇന്നെൻ്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളിൽ എനിക്കുള്ള പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എൻ്റെ യുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്.

ഊർജ്ജസ്വലനായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയുമായിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച റാവുവിനെ ഞങ്ങളിൽ നിന്നു കോവിഡ് തട്ടിയെടുത്തു.

പക്ഷെ, ഈ പിറന്നാൾ ദിനത്തിലും എനിക്കുള്ള ആശംസ മുടങ്ങിയില്ല. കോവിഡു ബാധിതനാകുന്നതിനു തൊട്ടു മുൻപ് റാവു അത് ഏർപ്പാട് ചെയ്തിരുന്നു. അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്.

മെരുകാ രാജേശ്വര റാവു എറ്റെടുത്ത് നടപ്പാക്കിയിരുന്ന സാന്ത്വന പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി ഞാനുൾപ്പടെയുള്ള സുഹൃത്തുക്കൾ മുന്നോട്ടു കൊണ്ടു പോകും.

റാവു എന്നോട് പ്രകടിപ്പിച്ചിട്ടുള്ള നിസ്വാർത്ഥ സ്നേഹത്തിനു മുന്നിൽ ബാഷ്പാജ്ഞലി.