കോഴിക്കോട്: വയനാട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. ചികിത്സയിൽ കഴിഞ്ഞ ഫെബിൻ ഫിറോസ്(13)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഫെബിൻ.ഇതോടെ സംഭവത്തിൽ മരണം മൂന്നായി.
ബത്തേരിയിലാണ് സ്ഫോടനം നടന്നത്. കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. സ്ഫോടനത്തിൽ പ്രദേശവാസികളായ മൂന്ന് കുട്ടികൾക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ മുരളി(16), അജ്മൽ(14) എന്നിവർ കഴിഞ്ഞ മാസം മരിച്ചിരുന്നു. സ്ഫോടനം നടന്ന കെട്ടിടം മുൻപ് പടക്കനിർമാണ ശാലയായിരുന്നു. ഇവിടെ ഉപേക്ഷിക്കപ്പെട്ട വെടിമരുന്നിന് തീപിടിച്ചാണ് സ്ഫോടനം നടന്നതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.