ആദ്യം സഹായം എത്തിക്കേണ്ടത് തൊട്ടടുത്തുള്ള അത്യാവശ്യക്കാർക്ക്; ശ്രീശാന്തിന്റെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേർ

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചുറ്റിലുമുള്ള ആളുകളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കൊറോണ ഫണ്ടുകളിലേക്ക് സഹായം നൽകുന്നതിനു മുൻപ്, തൊട്ടടുത്ത് സഹായം ആവശ്യമുള്ളവരുണ്ടോയെന്ന് അന്വേഷിച്ച്‌ സഹായം ഉറപ്പാക്കാൻ ശ്രീശാന്ത് അഭ്യർഥിച്ചു.

കുറിപ്പ് ഇങ്ങനെ;

‘പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നൽകുന്നതിനു മുൻപ്, ചുറ്റിലുമൊന്നു കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ജോലിക്കാർക്കോ ഈ പോരാട്ടത്തിൽ സാമ്പത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക.

ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാർഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല’ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാർഡിൽ ശ്രീശാന്ത് കുറിച്ചു.

ഇതിനകം ഒട്ടേറെപ്പേരാണ് ശ്രീശാന്തിന്റെ നിർദേശത്തെ അംഗീകരിച്ച്‌ രംഗത്തെത്തിയത്. നൂറുകണക്കിന് ആളുകൾ അദ്ദേഹം പങ്കുവച്ച കാർഡ് ഷെയറും ചെയ്തിട്ടുണ്ട്.