ചങ്ങനാശ്ശേരി: ഏതു മുന്നണി ഭരിച്ചാലും തങ്ങൾക്കുള്ള അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എൻ.എസ്.എസ്സിനുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അത് ഇന്നേവരെ ചെയ്തിട്ടുണ്ട്, അത് നാളെയും തുടരും. മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യ വിരുദ്ധമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പരാമർശനത്തിനെതിരേ പത്രക്കുറിപ്പിലാണ് സുകുമാരൻ നായർ അഭിപ്രായം പ്രകടിപ്പിച്ചത്. തന്റെ പ്രസ്താവന വളച്ചൊടിച്ച് എൻ.എസ്.എസ്സിനോടും അതിന്റെ നേതൃത്വത്തിനോടും ശത്രുത വളർത്താൻ ഉള്ള ശ്രമം ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
”നന്നേ കാലത്ത് വോട്ടുചെയ്ത് എൽ.ഡി.എഫിന്റെ തുടർഭരണം പാടില്ലെന്ന് വിരലുയർത്തി പറയുമ്പോൾ, നിങ്ങളുടെ വിരൽ എൽ.ഡി.എഫിനെതിരെയാണ് പ്രസ് ചെയ്യേണ്ടത് എന്ന സന്ദേശം അണികളിൽ എത്തിക്കാനാണ് സുകുമാരൻനായർ ശ്രമിച്ചത്” എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തികച്ചും സത്യവിരുദ്ധമാണ്. അന്നത്തെ ലൈവ് ടെലികാസ്റ്റ് കണ്ടവർക്ക് അത് ബോധ്യമാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
”മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, വിശ്വാസം – ഈ മൂല്യങ്ങൾ സംരക്ഷിക്കും എന്ന് ഉറപ്പുള്ള ആളുകൾക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കാരണം, ഈ നാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങൾ മനസ്സിലാക്കി, ജനങ്ങൾക്ക് സമാധാനവും സ്വൈര്യവും നല്കുന്ന ഒരു സർക്കാർ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
തദ്ദേശതിരഞ്ഞെടുപ്പിനു മുമ്പും ഇതുതന്നെയാണ് ഞാൻ പറഞ്ഞത്. ഇവിടെ പ്രധാനമായ മൂല്യങ്ങൾ ഞാൻ പറഞ്ഞല്ലോ, അവ സംരക്ഷിക്കാൻ ജനങ്ങൾ മുൻകൈ എടുക്കും എന്നാണ് എന്റെ പ്രതീക്ഷ. ഈ ഇലക്ഷൻ അതിന് ഉപകരിക്കും എന്നാണ് ഞാൻ കരുതുന്നത്. വിശ്വാസികളുടെ പ്രതിഷേധം നേരത്തെ മുതൽ ഉണ്ടല്ലോ. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് എന്തെങ്കിലും സംഭവിച്ചുകാണണമെന്ന് ആരും ആഗ്രഹിച്ചിട്ടുമില്ല. അതിന്റെ പ്രതികരണം തീർച്ചയായും ഉണ്ടാകും.
ഭരണമാറ്റം ജനങ്ങൾ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ. അതിനെക്കുറിച്ച് ഞാൻ കൂടുതൽ പ്രതികരിക്കുന്നില്ല.”
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നല്കിയ മറുപടിയുടെ യഥാർത്ഥരൂപമാണ് മുകളിൽ ചേർത്തിരിക്കുന്നത്.
ഇതൊരു പ്രസ്താവന ആയിരുന്നില്ല, ചോദ്യങ്ങൾക്കുള്ള മറുപടി മാത്രമായിരുന്നു. ഈ നിലപാടിൽ ഞാൻ ഇപ്പോഴും ഉറച്ചുനില്ക്കുന്നുവെന്നും സുകുമാരൻ നായർ കുറിപ്പിൽ വ്യക്തമാക്കി.
ഇതിനെ വളച്ചൊടിച്ചും രാഷ്ട്രീയവല്ക്കരിച്ചും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനും എൻ.എസ്.എസ്സിനോടും അതിന്റെ നേതൃത്വത്തിനോടും ശത്രുത വളർത്താനും ഉള്ള ശ്രമം ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.
“ഇടതുപക്ഷസർക്കാരിന്റെ ഭരണം സംബന്ധിച്ച്, വിശ്വാസസംരക്ഷണം ഒഴികെ
ഒരു കാര്യത്തിലും എൻ.എസ്.എസ്. എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. ഈ സർക്കാരിൽ നിന്നും എൻ.എസ്.എസ്സോ അതിന്റെ ജനറൽ സെക്രട്ടറിയോ യാതൊന്നും അനർഹമായി ആവശ്യപ്പെടുകയോ നേടുകയോ ചെയ്തിട്ടുമില്ല. 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കി എന്നുള്ളത് മുന്നാക്കവിഭാഗത്തിലുള്ള 160-ൽപരം സമുദായങ്ങൾക്ക് വേണ്ടിയാണ്. നായർസമുദായം അതിൽ ഒന്നു മാത്രമാണ്.
കേന്ദ്രത്തിന്റെ സംവരണം സംബന്ധിച്ചുള്ള ഈ തീരുമാനം നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാനസർക്കാരിനുണ്ടെങ്കിലും ഇതു സംബന്ധിച്ചുള്ള നടപടി ഇപ്പോഴും അപൂർണ്ണമാണ്.
മന്നത്തുപത്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം തെറ്റാണെന്ന് ഇപ്പോഴും ഞങ്ങൾക്ക് തോന്നുന്നില്ല. മുഖ്യമന്ത്രിയടക്കം ചില ഇടതുപക്ഷനേതാക്കൾ ഈ സാഹചര്യങ്ങളുടെ പേരിൽ എൻ.എസ്.എസ്സിനോടും അതിന്റെ നേതൃത്വത്തിനോടും സ്വീകരിക്കുന്ന വിലകുറഞ്ഞ നിലപാടിനെ നായർസമുദായവും സർവീസ് സൊസൈറ്റിയും അർഹിക്കുന്ന ഗൗരവത്തോടെ കാണും”.
വിശ്വാസത്തിന്റെ കാര്യത്തിൽ എൻ.എസ്.എസ്സിന്റെ ഇപ്പോഴത്തെ നിലപാട് തുടരുകതന്നെ ചെയ്യും, അതിൽ മതമോ രാഷ്ട്രീയമോ കാണുന്നില്ല. ഏതു മുന്നണി ഭരിച്ചാലും തങ്ങൾക്കുള്ള അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എൻ.എസ്.എസ്സിനുണ്ട്, അത് ഇന്നേവരെ ചെയ്തിട്ടുണ്ട്, അത് നാളെയും തുടരുമെന്നും ജി. സുകുമാരൻനായർ പറഞ്ഞു.