ഇ ചന്ദ്രശേഖരന്‍, കെ രാജന്‍, പി പ്രസാദ് മന്ത്രിസഭയില്‍ ഇടംപിടിക്കും; ചിഞ്ചുറാണിക്കും സുപാലിനും സാധ്യത

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിൽ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ ഇ ചന്ദ്രശേഖരന്‍, കെ രാജന്‍, പി പ്രസാദ് എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്ന് സൂചന. സിപിഐക്കും വനിതാ മന്ത്രിയുണ്ടാകും. ചടയമംഗലത്തുനിന്നു ജയിച്ച ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിയാണ് നേതൃത്വത്തിന്റെ ചര്‍ച്ചകളിലുള്ളത്.

കഴിഞ്ഞ തവണ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സിപിഐ നാലു മന്ത്രിമാരെയും മാറ്റിയിരുന്നു. എല്ലാവരും പുതുമുഖങ്ങള്‍ വരട്ടെ എന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. ഇക്കുറി അത്തരമൊരു നിലപാടിലേക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പോവില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

കഴിഞ്ഞ തവണ സി ദിവാകരനെ ഉന്നംവച്ചായിരുന്നു കാനം ഇത്തരമൊരു നിര്‍ദേശം വച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എല്ലാവരും പുതുമുഖങ്ങള്‍ എന്ന മാനദണ്ഡം ഇല്ലാത്തതുകൊണ്ടുതന്നെ ഇ ചന്ദ്രശേഖരന്‍ മന്ത്രിപദവിയിലേക്കുള്ള ഒന്നാം സ്ഥാനക്കാരനാവും. ചന്ദ്രശേഖരന്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ റവന്യു വകുപ്പാണ് കൈകാര്യം ചെയ്തത്.

കെ രാജന്‍ സ്ഥാനമൊഴിയുന്ന സര്‍ക്കാരില്‍ ചീഫ് വിപ്പ് ആയിരുന്നു. ഒല്ലൂരില്‍ ഗംഭീര വിജയം നേടി തിരിച്ചെടുത്തുന്ന രാജന്‍ ഇക്കുറി വിഎസ് സുനില്‍ കുമാറിന്റെ പിന്‍ഗാമിയായി മന്ത്രിസഭയില്‍ എത്തും. ചേർത്തലയിൽ വിജയിച്ച പി പ്രസാദ് ആദ്യമാണ് സഭാംഗമാവുന്നത്. എങ്കിലും സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എന്ന നിലയില്‍ പ്രസാദ് ആയിരിക്കും പാര്‍ട്ടിയുടെ മൂന്നാം മന്ത്രി.

പാര്‍ട്ടി ശക്തികേന്ദ്രമായ കൊല്ലത്തിന ഒരു മന്ത്രി എന്നത് സിപിഐ പിന്തുടര്‍ന്നുവരുന്ന കീഴ്‌വഴക്കമാണ്. പുനലൂരില്‍ തകര്‍പ്പന്‍ ജയം നേടിവരുന്ന പിഎസ് സുപാലിന്റെ പേരും സജീവ ചര്‍ച്ചയാണെങ്കിലും കാനം രാജേന്ദ്രന് ഇക്കാര്യത്തിലുള്ള അനിഷ്ടം വിനയായേക്കും. ചടയമംഗലത്തുനിന്നു ജയിച്ച ചിഞ്ചുറാണി സംസ്ഥാന എക്‌സിക്യുട്ടിവ്, ദേശീയ കൗണ്‍സില്‍ അംഗമാണെന്നതു ചൂണ്ടിക്കാട്ടി സുപാലിനെ വെട്ടാനിടയുണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നത്. സുപാലിനെതിരെ അടുത്തിടെ അച്ചടക്ക നടപടിയുണ്ടായതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശികമായ എതിര്‍പ്പുണ്ടായിട്ടും സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാടിനെത്തുടര്‍ന്നാണ് ചടയമംഗലത്ത് ചിഞ്ചുറാണി സ്ഥാനാര്‍ഥിയായത്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്ന ആക്ഷേപത്തെ അതിജീവിച്ചാണ് ചടയമംഗമംഗലത്തെ അവരുടെ ജയം.