കോഴിക്കോട്: ബാലുശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി നേപ്പാളില്‍ കുടുങ്ങി. ഇന്ന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ, അദ്ദേഹത്തിന് നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.
വോട്ടെണ്ണലിനുവേണ്ടി കോഴിക്കോട്ടെത്താന്‍ ധര്‍മജന്‍ ദിവസങ്ങളായി ശ്രമിച്ചുവരികയാണ്. ഞായറാഴ്ച കാഠ്മണ്ഡുവില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്ടറില്‍വന്ന ശേഷം റോഡ് മാര്‍ഗം ഡല്‍ഹിയിലെത്താനാണു ശ്രമം. ഇതു സാധ്യമായാലും ഒരാഴ്ചയോളം ക്വാറന്റൈനില്‍ കഴിയേണ്ടിവരും.
കൊറോണ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തയിരുന്നു. എന്നാല്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് കാഠ്മണ്ഡു വഴി പോവാനുള്ള സൗകര്യം ഏപ്രില്‍ ആദ്യവാരങ്ങളില്‍ ഉണ്ടായിരുന്നു. അതിര്‍ത്തി കടന്ന് നിരവധി ഇന്ത്യാക്കാര്‍ നേപ്പാളില്‍ എത്തുകയും അവിടെനിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോവുകയും ചെയ്തതോടെയാണ് നേപ്പാള്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.