ലാബുകള്‍ക്ക് മുന്നറിയിപ്പ്; പുതിയ നിരക്കില്‍ ടെസ്റ്റ് നടത്താത്ത ലാബുകള്‍ക്ക് എതിരെ നടപടി; വോട്ടെണ്ണല്‍ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍

കണ്ണൂര്‍: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്ന ലാബുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ചില ലാബുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപയില്‍ കൂടുതല്‍ തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് പകരം കൂടിയ നിരക്കില്‍ ഉള്ള ട്രൂനാറ്റ് ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലാഭമുണ്ടാക്കാനുള്ള അവസരമല്ലിത്. ടെസ്റ്റിന്റെ കാര്യത്തില്‍ ലാബുകള്‍ കാണിക്കുന്ന വിമുഖത അംഗീകരിക്കാന്‍ കഴിയില്ല.

ആര്‍ടിപിസിആര്‍ ടെസ്റ്റിന് 240 രൂപയാണ് നിരക്ക് എന്നിരിക്കെ ടെസ്റ്റിനുള്ള മനുഷ്യ വിഭവം കൂടി കണക്കിലെടുത്താണ് 500 രൂപ നിശ്ചയിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ തന്നെ ലാബുകള്‍ ടെസ്റ്റ് നടത്തണം. നിഷേധാത്മ നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. ലാബുകളുടെ പരാതി ചര്‍ച്ചചെയ്യാം ,എന്നാല്‍ ടെസ്റ്റ് ചെയ്യില്ലെന്ന സമീപനം ഈ ഘട്ടത്തില്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനമായ നാളെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നാടിന്റെ ഇന്നത്തെ അവസ്ഥ പരിഗണിച്ച് ആഘോഷ പരിപാടികള്‍ പാടില്ല. ഇത് എല്ലാ കക്ഷികളം ചേര്‍ന്ന എടുത്ത തീരുമാനമാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങലില്‍ കനത്ത ജാഗ്രത വേണം.കൂടിച്ചേരല്‍ അനുവദിക്കില്ലെന്നും ആവേശം തല്‍ക്കാലം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയികള്‍ നേരിട്ട് പോയി നന്ദി പറയേണ്ടതില്ല. നന്ദി പ്രകടനത്തിന് സോഷ്യല്‍ മീഡിയകളെ ആശ്രയിക്കാമെന്നും പറഞ്ഞു.