തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊറോണ ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ കെ. ശൈലജ അറിയിച്ചു.
ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുൻപ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആർ, സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും പരിശോധന നടത്താൻ പാടുള്ളൂവെന്നും മന്ത്രി അറിയിച്ചു.