വൈഗ കൊലക്കേസ്; സനുമോഹനെ കസ്റ്റഡിയിൽ വാങ്ങാൻ മുംബൈ പൊലീസ്; ഇന്ന് കോടതിയിൽ അപേക്ഷ നൽകും

കൊച്ചി: വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ വാങ്ങാൻ മുംബൈ പൊലീസ്. ഇന്ന് കോടതിയിൽ അപേക്ഷ നൽകും. മുംബൈയിൽ നിന്നും നാല് പേരടങ്ങുന്ന സംഘം ഇതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി നീട്ടിനൽകാൻ കേരള പൊലീസും ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

അതേസമയം, കഴിഞ്ഞ ദിവസം സനുമോഹനെ ഭാര്യയോടൊപ്പം ഇരുത്തി കേരള പൊലീസ് ചോദ്യം ചെയ്തെങ്കിലും ആദ്യം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്നു. സനുമോഹന്‍റെ പല കാര്യങ്ങളും തനിക്കറിയില്ലായിരുന്നുവെന്ന് ഭാര്യ രമ്യ മൊഴി നൽകി.

തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാൽ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിനൽകാനാണ് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകുക. രമ്യയുടെ ആലപ്പുഴയിലെ വീട്ടിലും വൈഗക്ക് അവസാനമായി ഭക്ഷണം വാങ്ങി നൽകിയ അരൂരിലെ ഹോട്ടലിലെയും തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് ഇത്.

കൊക്കക്കോളയിൽ മദ്യം കലര്‍ത്തി നൽകിയതാണ് വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വൈഗയെ കൊല്ലാൻ സാമ്പത്തിക പ്രശ്നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് നിഗമനം.