സർക്കാരിന് വീണ്ടും തിരിച്ചടി: സാക്ഷരത മിഷനിലെ 74 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: സാക്ഷരത മിഷനിലെ 74 താൽക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ഹർജ്ജിയിൽ മെയ്‌ 7 ന് വാദം കേൾക്കും.74 പേരെയും എതിർകക്ഷികളാക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.

ഇവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചതിലൂടെ സർക്കാരിന് 10 കോടി രൂപയുടെ അധികചെലവ് വരുമായിരുന്നു. സാക്ഷരത മിഷനിലെ ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ, അസി. കോർഡിനേറ്റർ തുടങ്ങിയ താൽക്കാലികതസ്തികകളിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്ന 74 പേരെയാണ് മുൻകാല പ്രാബല്യത്തോടെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തിയത് .

10 വർഷം പൂർത്തിയാക്കിയെന്ന മാനദണ്ഡം അനുസരിച്ചാണ് സ്ഥിരപ്പെടുത്തൽ. ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ മാർക്ക് സീനിയർ ഹൈ സ്കൂൾ അധ്യാപകരുടെ സ്കെയിലും അസി. കോർഡിനേറ്റർ മാർക്ക് ജൂനിയർ ഹൈ സ്കൂൾ അധ്യാപരുടെ സ്കെയിലും അനുവദിച്ചാണ് സ്ഥിരപ്പെടുത്തിയത്.

ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിമാരാണ് സാക്ഷരത മിഷനിൽ ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു വന്നത്. സാക്ഷരത മിഷൻ പ്രവർത്തനങ്ങളുടെ ജില്ല കളിലെ സാമ്പത്തികവും ഭരണ പരവുമായ പൂർണ ചുമതലയും ഇവർക്കായിരുന്നു. ഈ സാഹചര്യത്തിലാണ് അധിക സാമ്പത്തികബാധ്യതവരുന്ന ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ, അസി. കോർഡിനേറ്റർ എന്നിങ്ങനെ തസ്തികകൾ സൃഷ്ടിച്ചു സ്ഥിരപ്പെടുത്തിയത്.

സെക്കന്ററി സ്കൂൾ അധ്യാപകർക്ക് തത്തുല്യ ശമ്പളത്തിലാണ് ഇവരെ സ്ഥിരപ്പെടുത്തിയത്. ഇവരുടെ താൽക്കാലിക നിയമനങ്ങൾപോലും ചട്ടപ്രകാരമായിരുന്നില്ല. ഒരു പ്രൊജക്റ്റ്‌ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നതിനാൽ സ്ഥിരം സ്വഭാവവും സ്ഥാപനത്തിന് ഇല്ല. സ്ഥിരം തസ്തികകൾ സൃഷ്ടിക്കാനാവില്ലെന്ന നിയമസഭയിൽ നൽകിയ മറുപടിക്ക് കടകവിരുദ്ധമായാണ് 74 പേരെ വിവിധ തസ്തികകളിൽ സ്ഥിരപ്പെടുത്തിയത്.

സെക്കന്ററി സ്കൂൾ അധ്യാപകരുടെ നിയമനത്തിനുള്ള PSC റാങ്ക് ലിസ്റ്റിൽ പെട്ട lഅങ്കമാലി സ്വദേശിനി എൽ ആർ സൗമ്യ ഉൾപ്പടെ ഹർജ്ജിക്കാരായ നാലുപേർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം ഹാജരായി.