ന്യൂഡെൽഹി: കൊറോണ ഹോട്ട് സ്പോട്ടുകൾ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വേണമെങ്കിൽ ഹോട്ട് സ്പോട്ടുകളുടെ കൂട്ടത്തിൽ ജില്ലകളുടെ എണ്ണം വർദ്ധിപ്പിക്കാം. എന്നാൽ ഹോട്ട് സ്പോട്ടിൽ നിന്ന് ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളം നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തിലെ കോട്ടയം ഉൾപ്പടെ രാജ്യത്തെ 325 ജില്ലകളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.