തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രി മുഖ്യപ്രതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും സര്‍ക്കാര്‍ പാലിച്ചില്ല. അന്തര്‍ദേശീയ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. നിയമസാധുതയും പരിശോധിച്ചില്ലെന്നും കരാറുമായി ബന്ധപ്പെട്ട് ഒരു രേഖപോലുമില്ല.ഇതുവരെ ശേഖരിച്ച ഡേറ്റയുടെ വില 200 കോടി വരും. കൂടുതല്‍ ഡേറ്റ ലഭിച്ചാല്‍ ഇത് 700 കോടിയോളം വരുമെന്നും ചെന്നിത്തല ആരോപിച്ചു.
ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് 41 ചോദ്യങ്ങളിലൂടെ വിവരങ്ങള്‍ വീടു വീടാന്തരം കയറി ശേഖരിച്ചു. ആ വിവരങ്ങള്‍ കമ്പനിക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒന്നേമുക്കാല്‍ ലക്ഷം പേരുടെ ഡേറ്റ സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചതായി ചെന്നിത്തല പറഞ്ഞു.
കമ്പനിയ്ക്കെതിരെ കേസ് കൊടുക്കണമെങ്കില്‍ സര്‍ക്കാര്‍ അമേരിക്കയില്‍ പോകേണ്ട അവസ്ഥയാണ്. അമേരിക്കയില്‍ കമ്പനിയ്ക്കെതിരെ ഡേറ്റ തട്ടിപ്പ് കേസ് നിലവിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.