തിരുവനന്തപുരം: രണ്ടാംഘട്ട കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഒപിയിൽ ഒരു ചികിത്സാവിഭാഗത്തിൽ പരമാവധി 200 രോഗികൾക്കു മാത്രമായിരിക്കും ഇനിമുതൽ പ്രവേശനം. മറ്റ് രോഗികൾക്ക് ചികിത്സ സംബന്ധിച്ച് വിദഗ്ധാഭിപ്രായം തേടാൻ ടെലിമെഡിസിൻ സംവിധാനം ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ പി സമയം. രാവിലെ ഏഴു മുതൽ പതിനൊന്നര വരെ ടോക്കൺ നൽകും.
ഒപി ഇല്ലാത്ത ദിവസങ്ങളിലും ടെലിമെഡിസിൻ സംവിധാനം വഴി രോഗികൾക്ക് ഡോക്ടറുടെ ഉപദേശം തേടാം. മരുന്നുകുറിപ്പുകളും ഡൗൺലോഡ് ചെയ്തെടുക്കാൻ സൗകര്യമൊരുക്കി. എന്നാൽ ഡോക്ടർ നേരിട്ടുകാണേണ്ട അടിയന്തര പ്രാധാന്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തി ചികിത്സ തേടാനും അവസരമൊരുക്കിയിട്ടുണ്ട്.
അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റി വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂട്ടിരിപ്പുകാരെ നിയന്ത്രിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൂട്ടിരിപ്പുകാർ മാറി മാറി ഇരിക്കുന്നതും വിലക്കിയിട്ടുണ്ട്. കൂട്ടിരിപ്പുകാരൻ കഴിവതും വാക്സിൻ സ്വീകരിച്ച വ്യക്തിയായിരിക്കേണ്ടതാണ്.
മാത്രമല്ല, രോഗിയുടെ സഹായിയായി ഇരിക്കുന്നയാൾ മാസ്ക് ധരിക്കൽ, സാമൂഹിക അകലം, കൈകഴുകൽ എന്നിവ കർശനമായി പാലിക്കേണ്ടതാണ്. മാസ്ക് ധരിക്കാത്തവരെ ആശുപത്രിയിൽ നിന്നും പുറത്താക്കും. സന്ദർശകർക്ക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. സന്ദർശകവിലക്ക് വന്നതോടെ ആശുപത്രിക്കുള്ളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. ആശുപത്രിയിലെ ജോലിക്രമീകരണം സംബന്ധിച്ച ജീവനക്കാരുടെ സംഘടനകളുടെ പരാതികൾ പരിഹരിച്ചിട്ടുണ്ട്. കൊറോണ ഡ്യൂട്ടിയുമായി ജീവനക്കാർ പൂർണമായി സഹകരിക്കുമെന്ന് സർവീസ് സംഘടനകളുടെ പ്രതിനിധികൾ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു