മലപ്പുറം: ജോലിക്ക് പോയ യുവതിയെ കൊലപ്പെടുത്തിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് പ്രതി അൻവറിന്റെ മൊഴി. വീട്ടിൽ നിന്ന് രാവിലെ ജോലിക്കിറങ്ങിയ ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെ (21) വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വച്ചാണ് പ്രതി ആക്രമിച്ചത്. യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങൾ ഊരിയെടുത്ത ശേഷം മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ചാക്കിൽ കെട്ടിയ മൃതദേഹം അൻവറിന്റെ ചുമതലയിലുള്ള സമീപത്തെ പറമ്പിൽ കൊണ്ടുപോയി. അവിടെ കുഴിയെടുത്ത് മൃതദേഹം മൂടി. പിന്നീട് കൃഷി ആവശ്യത്തിനെന്ന പേരിൽ സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ചു കൊണ്ടു വന്ന് അവിടെ മണ്ണിട്ടുമൂടി. പുരയിടത്തിലെ കാര്യങ്ങൾ നോക്കി നടത്തുന്നതിനാൽ അൻവറെ ആർക്കും സംശയം തോന്നിയില്ല.
മറ്റു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന പ്രതിക്ക് ആ ഇനത്തിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അങ്ങിനെയുള്ള ബാധ്യത തീർക്കാനായി ജോലിക്ക് പോകുന്ന സുബീറയെ ആക്രമിക്കാൻ ഇയാൾ പദ്ധതി തയാറാക്കുകയായിരുന്നു.
സുബീറയെ കാണാതായതായി പരാതി ലഭിച്ച ശേഷം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചിരുന്നു. രാവിലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയ സുബീറ പ്രധാന റോഡിൽ എത്തിയിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കിയ പൊലീസ് ചുറ്റു പരിസരങ്ങളിൽ ഡ്രോൺ കാമറ ഉപയോഗിച്ചുള്ള പരിശോധന വരെ നടത്തിയിരുന്നു.
നേരത്തെ പരിശോധനക്കും അന്വേഷണത്തിനുമായെത്തിയ പൊലീസ് സംഘത്തിന് സഹായങ്ങൾ ചെയ്തു കൊടുക്കാനും ഇളനീർ വെട്ടികൊടുക്കാനുമൊക്കെ പ്രതി അൻവർ മുന്നിലുണ്ടായിരുന്നു. സംശയത്തിന് ഒട്ടും ഇട നൽകാത്ത വിധമായിരുന്നു അയാളുടെ പെരുമാറ്റം.
സുബീറ പരിസരം വിട്ട് പുറത്തു പോയിട്ടില്ലെന്ന് ഉറപ്പിച്ച പൊലീസ് പ്രദേശത്ത് അരിച്ചുപെറുക്കി പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ പറമ്പിൽ മണ്ണിളകി കിടക്കുന്നത് ശ്രദ്ധിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങൾക്ക് അൻവർ നൽകിയ മറുപടിയിലെ അവ്യക്തതയാണ് അന്വേഷണസംഘത്തിന് സംശയം ജനിപ്പിച്ചത്. കൂടുതൽ പരിശോധന നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
40 ദിവസം മുമ്പാണ് ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴുകപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെ കാണാതായത്. വീടിനടുത്ത ചെങ്കൽ ക്വാറിക്ക് സമീപം തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കഴിഞ്ഞ ദിവസം ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.