സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല ; രാത്രിപരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: കൊറോണ വ്യാപനം അതിതീവ്രമായി തുടരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വരാന്ത്യലോക്ക് ഡ‍ൗൺ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സ‍ർക്കാർ തീരുമാനിച്ചു. എന്നാൽ പരിശോധന ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന ഉന്നതതലസമിതി യോ​ഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയ‍ർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ താമസിക്കുന്ന എല്ലാവരേയും കൊറോണ പരിശോധനകൾക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവ‍രേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.

ഇതോടൊപ്പം രണ്ടാം തരം​ഗത്തിൽ കേരളത്തിൽ കൊറോണ വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും. വൈറസിൻ്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനാണ് യോ​ഗത്തിലെ തീരുമാനം. കൊറോണ രോ​ഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുതിച്ചുയർന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണം സജ്ജമാണെന്നാണ് ഇന്നത്തെ യോ​ഗത്തിലെ വിലയിരുത്തൽ.

ഇന്ന് മുതൽ കർഫ്യു നിലവിൽ വരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാൻ പൊലീസിനും യോഗം നിർദേശം നൽകിയിട്ടുണ്ട്. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു ആളുകൾ അനാവശ്യമായി റോഡിൽ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാമെന്നാണ് സ‍ർക്കാരിൻ്റെ പ്രതീക്ഷ.

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കിയും സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍ 9.30വരെ പാഴ്‌സലുകള്‍ നല്‍കാം. ഇന്നുമുതല്‍ നടപ്പാക്കുന്ന നൈറ്റ് കര്‍ഫ്യു സംബന്ധിച്ചുള്ള ഉത്തരവിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.

രാത്രി കര്‍ഫ്യൂ ശക്തമാക്കുന്നതോടൊപ്പം പകല്‍ സമയങ്ങളില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമെ പൊതുഇടങ്ങളില്‍ ഇറങ്ങുകയുള്ളുവെന്ന് ഉറപ്പാക്കുക. അതിന് ശേഷം കാര്യങ്ങള്‍ പരിശോധിച്ച ശേഷം മതി വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് എന്നതാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. കൊറോണ വ്യാപനം തീവ്രമായ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കലക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ ഏറെക്കുറെ സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

ആശുപത്രികളിലുള്ള സൗകര്യങ്ങളെ കുറിച്ച് കോര്‍കമ്മറ്റിവിശദമായി വിലയിരുത്തി. വെന്റിലേറ്റര്‍ സൗകര്യങ്ങളുംതൃപ്തികരമാണെന്നാണ് വിലയിരുത്തല്‍. രോഗം വ്യാപനം കൂടിയാല്‍ സ്വകാര്യമേഖലയിലുള്ള ആശുപത്രികളോട് അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നല്‍കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. വരുംദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും.