കൊച്ചി: ബാല്യം മുതൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടുവെന്ന് ചെറിയാൻ ഫിലിപ്പ്. ഇക്കാര്യം ആൻ്റണിയേയും ഉമ്മൻ ചാണ്ടിയേയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. കോൺഗ്രസിനും തനിക്കും നൽകിയ സേവനങ്ങൾക്ക് പ്രത്യുപകാരമായി ചെറിയാൻ ഫിലിപ്പിന് ഒരു സഹായവും ചെയ്യാൻ കഴിയാത്തതിൽ തനിക്ക് തീവ്ര ദു:ഖമുണ്ടെന്നു് കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആൻ്റണി 2010 ൽ കെ.ടി ഡി.സിയുടെ ഒരു ചടങ്ങിൽ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിദ്ധ്യത്തിലാണ്.
ചെറിയാൻ ഫിലിപ്പ് ആദർശവാനാണെന്നും പറയുന്നതിൽ മാത്രമല്ല നടപ്പാക്കുന്നതിൽ നിർബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിൻ്റെ അമ്പതാം വാർഷികത്തിൽ ഒരു അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തിൽ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോൺഗ്രസിലും സി പി ഐ എം ലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാദ്ധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്.
ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല.