അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടിൽ വിവേക് (21), മൂന്നുകണ്ടത്തിൽ ശിവ ഗംഗ (19) എന്നിവരുടെ മൃതദേഹമാണ് പാൽക്കുളം മേട്ടിൽ കണ്ടെത്തിയത്. മരക്കൊമ്പിൽ ചുരിദാർ ഷാളിൽ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇടുക്കി ഡപ്യൂട്ടി റേഞ്ചർ ജോജി ജേക്കബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ഇരുവരെയും കണ്ടെത്തിയ പ്രദേശം വനമേഖലയാണ്, ഇവിടെയ്ക്ക് സാധാരണയായി ആളുകൾ വരാറില്ലെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

അടിമാലിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു വിവേക്. ഇരിങ്ങാലക്കുടയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ശിവ ഗംഗ. അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരെയും കാണാതാവുന്നത്. ഇവർ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്ക് പാൽക്കുളം മേട്ടിന് സമീപത്തുവെച്ച് ഏപ്രിൽ 14ന് പൊലീസ് കണ്ടെത്തിയിരുന്നു