സ്വപ്നസുരേഷിന്റെ മകളുടെ പരാതി കോടതിയില്‍ എത്തിച്ച് എൻഫോഴ്സ്മെൻ്റിനെ പൂട്ടാൻ കൈം ബ്രാഞ്ച്

കൊച്ചി: സ്വപ്നസുരേഷിന്റെ മകളുടെ പരാതി കോടതിയില്‍ എത്തിച്ച് എൻഫോഴ്സ്മെൻറ് നീക്കത്തെ പ്രതിരോധിക്കാൻ ക്രൈം ബ്രാഞ്ച് നീക്കം. സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ മകളില്‍ നിന്ന് പരാതിവാങ്ങാനാണ് നീക്കം. തന്നെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരേ മൊഴി പറയിപ്പിക്കാന്‍ ഇഡി ശ്രമിച്ചുവെന്ന് സ്വപ്ന സുരേഷ് നേരത്തെ മൊഴിനല്‍കിയിരുന്നുവത്രേ.

സ്വപ്ന ഇക്കാര്യങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുന്ന മകളെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നുവെന്നാണ് ചിലർ പറയുന്നത്. സ്വപ്ന മകളോട് പറഞ്ഞ കാര്യങ്ങള്‍ മൊഴിയാക്കി ഇഡിക്കെതിരേ നീങ്ങാനുള്ള വഴിയാക്കാനാണ് ശ്രമം.
പല തവണ സ്വപ്നസുരേഷിന്റെ കുടുംബവുമായി ക്രൈംബ്രാഞ്ച് സംഘം ഇതിനകം ബന്ധപ്പെട്ടുകഴിഞ്ഞു.

സ്വപ്നസുരേഷിനെ ജയിലില്‍ ഇഡി നിര്‍ബന്ധിച്ച് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരേയും മറ്റു മന്ത്രിമാര്‍ക്കെതിരേയും മൊഴി നല്‍കാന്‍പ്രേരിപ്പിച്ചതായിട്ട് അമ്മ തന്നോട് പറഞ്ഞതായി മൊഴി നല്‍കാനാണ് മൂത്തമകളോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതായാണ് സൂചന.
സ്വര്‍ണക്കടത്തു കേസില്‍ ആരോപണ വിധേയനായ പ്രമുഖനായ ഒരു വ്യക്തിയും ക്രൈംബ്രാഞ്ചിന്റെപുതിയ നീക്കത്തിനു പിന്നിലുണ്ടെന്നാണ് സൂചന.

വീണ്ടും മൂന്നാമതൊരു കേസുകൂടി ഇ.ഡിക്കെതിരേ രജിസ്റ്റര്‍ ചെയ്യാനാണ് ക്രൈംബ്രാഞ്ച് ഇതിലൂടെ ശ്രമിക്കുന്നത്. നേരത്തേ പോലീസുകാരികള്‍ ഇ.ഡി.ക്കെതിരേ മൊഴി നല്‍കിയിരുന്നു. രണ്ടാമത്തെ കേസ് സന്ദീ്പ് നായര്‍ കോടതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സ്വപ്നയുടെ പേരില്‍ ഒരു പരാതികൂടി കൊടുക്കാനാണ് ഇപ്പോഴുള്ള നീക്കം.