തിരുവനന്തപുരം: കൊറോണ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ കൂടുതല്‍ മൊബൈൽ ലാബുകൾ സജ്ജമാക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ രോഗബാധിതരെ കണ്ടെത്താൻ റാപ്പിഡ് ആന്‍റിജൻ പരിശോധനയും വ്യാപിപ്പിക്കും.
കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാനാണ് തീരുമാനം. ലാബുകളുടെ ശേഷി പരമാവധി വിനിയോഗിക്കണം.
രോഗലക്ഷണങ്ങളുള്ളവരില്‍ ആന്‍റിജനൊപ്പം പിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കി. ഇതുകൂടാതെ ലാബുകളുടെ കുറവുള്ള ഇടുക്കി, വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ മൊബൈൽ ലാബുകള്‍ സജ്ജമാക്കാൻ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി. നിലവില്‍ സ്വകാര്യ കമ്പനികളുടെ സഹായത്തോടെ 10 ആര്‍ ടി പിസിആർ മൊബൈല്‍ ലാബുകള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിലുണ്ട്.
ഇപ്പോൾ ടെന്‍ഡര്‍ നല്‍കിയിട്ടുള്ള സാൻഡോർ മെഡിക്കല്‍സ് എന്ന കമ്പനിയുമായി ചേര്‍ന്നോ ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളുമായി ചേര്‍ന്നോ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാനാണ് ശ്രമം. സ്വകാര്യ ലാബുകളില്‍ നിന്ന് വ്യത്യസ്തമായി മൊബൈൽ യൂണിറ്റില്‍ പരിശോധന ചെലവ് 500 രൂപയില്‍ താഴെ മാത്രമാണ്. അതിനാല്‍ പരമാവധിപേരെ പരിശോധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
രോഗമുള്ളവരെ വളരെ വേഗത്തില്‍ കണ്ടെത്തി രോഗ വ്യാപനമുണ്ടാക്കാതെ നിരീക്ഷണത്തിലാക്കാനാണ് വ്യാപക പരിശോധന. നിലവിലെ തീവ്ര വ്യാപന സാഹചര്യത്തിൽ ദിനംപ്രതിയുള്ള പരിശോധനകളുടെ എണ്ണം ഒരു ലക്ഷം വരെ ആക്കണമെന്ന ആവശ്യം ആരോഗ്യ വിദഗ്ധരും മുന്നോട്ട് വച്ചിട്ടുണ്ട്.