തിരുവനന്തപുരം:കാലിക്കറ്റ് സർവ്വകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് (ഇക്കോണമിക്കലി വീക്കർ സെക്ഷൻ–EWS) അ ർഹതപ്പെട്ട പത്ത് അധ്യാപക തസ്തികകൾ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായി.
നിയമന അട്ടിമറി മറച്ച് വെക്കാൻ റോസ്റ്റർ യൂണിവേഴ്സിറ്റി പൂഴ്ത്തി വെച്ചിരിക്കുകയാണ്. 116 അധ്യാപക തസ്തികകളിലേക്ക് 2020 നവംബറിലാണ് സർവ്വകലാശാല അഭിമുഖം തുടങ്ങിയത്.സർക്കാരും, പിഎസ് സി അടക്കം നിയമന ഏജൻസികളും കഴിഞ്ഞ വർഷം തന്നെ മുന്നാക്ക സംവരണം ഉറപ്പാക്കി ഉത്തരവിറക്കിയിരുന്നു. സർക്കാരിന്റെയും പിഎസ് സിയുടെയും ചട്ടങ്ങൾ പാലിച്ചു മാത്രമേ സർവ്വകലാശാലയ്ക്ക് നിയമനം നടത്താൻ പാടുള്ളു.
എന്നാൽ സംവരണ റോസ്റ്റർ തയാറാക്കിയപ്പോൾ മുന്നാക്ക സംവരണ ഊഴം ഉൾപെടുത്തിയില്ല. റോസ്റ്ററിലെ 9, 19, 29 തുടങ്ങിയ ഊഴങ്ങളായിരുന്നു നിയമപ്രകാരം മുന്നാക്ക സംവരണ തസ്തികളായി നിശ്ചയിക്കേണ്ടിയിരുന്നത്.
മുന്നാക്ക സമുദായത്തിൽ പെട്ട ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ നൽകിയ കേസിലെ വിധിയിൽ
നിയമന സമയത്ത് നിലവിലുള്ള ചട്ടമനുസരിച്ചായിരിക്കണം സംവരണം കണക്കാക്കേണ്ടതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
ഇതൊന്നും കണക്കിലെടുക്കാതെയാണ് സംവരണ അട്ടിമറി നടന്നത്. സംവരണ റോസ്റ്റർ തയാറാക്കി നടത്തിയ അധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
വിസി യും സിൻഡിക്കേറ്റിലെ സിപിഎം നോമിനിയും ചേർന്നാണ് റോസ്റ്റർ തിരിമറി നടത്തിയതെന്നും സുതാര്യമായിരിക്കേണ്ട നിയമന
റോസ്റ്റർ സിൻഡിക്കേറ്റ് യോഗത്തിൽ പരിശോധനക്ക് നൽകാത്തത് ദുരുദ്ദേശപരമാണെന്നും
സംവരണചട്ടം അട്ടിമറിച്ചു് നടത്തിയ അധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്നും ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ സേവ് യൂണിവേഴ്സിറ്റി സമിതി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർ ആവശ്യപ്പെട്ടു.