ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണം. വീട്ടിലെത്തി ഫേസ്ബുക്ക് ലൈവ് ചെയ്ത ആൾ ജനൽചില്ല് തകർത്തെന്നാണ് ആരോപണം. ബാനർജി സലിം എന്ന ആളാണ് വീട്ടിലെത്തി ജനൽചില്ല് തകർത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസ് പറയുന്നത് പോലെ ഒരു നിർധന കുടുംബത്തിലെ അംഗമല്ല അരിത ബാബുവെന്നായിരുന്നു ആക്രമണം നടത്തിയ ബാനർജി സലിം ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചത്. ഇതിന് ശേഷമായിരുന്നു ഇയാൾ അരിതയുടെ വീടിന്റെ ചില്ല് തകർത്തത്.
കായംകുളത്തെ യു ഡി എഫ് സ്ഥാനാർഥി അരിതാ ബാബുവിന്റെ വീടാക്രമിച്ചതിലൂടെ സി പി എം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വ്യക്തമായിരിക്കുകയാണെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. ഇല്ലായ്മകളോട് പടവെട്ടി പൊതുപ്രവർത്തന രംഗത്ത് ചുവടുറപ്പിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിലൊരാളായ അരിതാ ബാബുവിന് പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയിൽ വിറളി പിടിച്ചാണ് സിപിഐഎം ഇത്തരം അതിക്രമങ്ങൾക്ക് മുതിരുന്നത്. കേരളത്തിലെ പൊതു സമൂഹം ഈ രാഷ്ട്രീയ അസഹിഷ്ണുതക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
അരിതയുടെ വീടിന് നേരെ ആക്രമണം നടത്തിയത് എൽഡിഎഫ് പ്രവർത്തകരാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. ഇതിൽ പ്രതിഷേധിച്ച് നാളെ കായംകുളത്ത് യുഡിഎഫ് പ്രതിഷേധദിനം ആചരിക്കും. അതേസമയം, ആക്രമണം നടത്തിയാളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി സിപി ഐഎമ്മും രംഗത്തെത്തി.