തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി പൂർണ്ണ ബോധമുള്ളവരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ. മ്യൂസിയം റേഡിയോ പാർക്കിൽ സ്വീപും (സിസ്റ്റമെറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ) ശുചിത്വ മിഷനും സംയുക്തമായി സജ്ജീകരിച്ച മാതൃകാ ഹരിത പോളിങ് ബൂത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃകാ ഹരിത പോളിങ് ബൂത്ത് പോലുള്ള സ്വീപിന്റെ നേതൃത്വത്തിലുള്ള പ്രചരണ പരിപാടികൾ വോട്ടർമാരെ കൂടുതൽ ആകർഷിക്കും. യുവജനങ്ങളും കന്നി വോട്ടർമാരും തെരഞ്ഞെടുപ്പിനെ കൂടുതൽ ഗൗരവത്തോടെ സമീപിക്കണമെന്നും കൊറോണ മാനദണ്ഡങ്ങളും ഹരിതചട്ടവും കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ ഹരിതചട്ടം സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായാണ് മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.ഏപ്രിൽ ആറുവരെ മാതൃകാ പോളിങ് ബൂത്ത് പൊതുജനങ്ങൾക്ക് സന്ദർശിക്കാം. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെയാണ് ബൂത്ത് പ്രവർത്തിക്കുന്നത്.
ഹരിത ചട്ടം പാലിച്ചു വോട്ട് രേഖപ്പെടുത്തുന്നത് എങ്ങനെയെന്നു മനസിലാക്കാൻ വിവിധ ബോധവത്ക്കരണോപാധികൾ ബൂത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
കൊറോണയുടെ സാഹചര്യത്തിൽ പോളിംഗ് ബൂത്തിൽ ഉണ്ടാകുന്ന ബയോമെഡിക്കൽ വേസ്റ്റ് ഉൾപ്പെടെയുള്ളവ തരംതിരിച്ച് ശേഖരിച്ച് നിർമാർജനം ചെയ്യുന്നത് എങ്ങനെയെന്നും ഇവിടെനിന്നും മനസ്സിലാക്കാനാകും. കൂടാതെ കൊറോണ മാനദണ്ഡങ്ങളും ഹരിതചട്ടവും പാലിച്ച് എങ്ങനെ വോട്ട് ചെയ്യണമെന്നും ഇവിടെ നിന്നറിയാം.
മോക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും ബൂത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. മ്യൂസിയം റേഡിയോ പാർക്കിൽ നടന്ന ചടങ്ങിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷണർ വിനയ് ഗോയൽ സ്വാഗതം ആശംസിച്ചു.