ലോക് ഡൗൺ ലംഘിച്ചാൽ വാഹനങ്ങൾക്ക് രണ്ടു വട്ടം പിഴ; മൂന്നാമത് കോടതിയിലേക്ക്

തിരുവനന്തപുരം: ലോക് ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾക്ക് ഇനി മുതൽ പിഴ ഈടാക്കും. അഡ്വക്കേറ്റ് ജനറലാണ് സർക്കാരിന് നിയമോപദേശം നൽകിയത്. ഒരു വാഹനത്തിനു രണ്ടുതവണ പോലീസിന് പിഴയീടാക്കാം. മൂന്നാംവട്ടവും ലോക്ക്ഡൗൺ ലംഘിച്ചാൽ പിന്നീട് കോടതിയിലെത്തും. പിഴ ഈടാക്കുന്നതോടെ ലോക്ക്ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പിഴ ഈടാക്കുന്നതിന് കേരള പകർച്ചവ്യാധി ഓർഡിനൻസ് ഭേദഗതി ചെയ്യും.

അതേസമയം ലോക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ ഇന്നലെ മുതൽ പോലീസ് തിരികെ വാഹന ഉടമകൾക്ക് നൽകിയിരുന്നു. 20,700 ലധികം വാഹനങ്ങളാണ് നിയന്ത്രണങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത്.
ഇവ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ പൊലീസ് തീരുമാനിച്ചത്