ചെന്നൈ: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ പരസ്യമായി പണം വിതരണം ചെയ്ത് അണ്ണാഡിഎംകെ സ്ഥാനാർത്ഥിയുടെ പ്രചാരണം. ദിണ്ടിഗൽ അണ്ണാഡിഎംകെ സ്ഥാനാർത്ഥി എൻ ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്. മുതിർന്ന നേതാവും തമിഴ്നാട് മുൻമന്ത്രി കൂടിയാണ് എൻ ആർ വിശ്വനാഥൻ.
വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകൾ ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
തിങ്കളാഴ്ച പ്രചാരണ പരിപാടിക്കിടെ റോഡരികിൽ നിരന്ന് നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിലെ പാത്രത്തിൽ ഒരാൾ കറൻസി നോട്ടുകൾ ഇട്ട് നൽകുന്നതും പ്രായമായ ഒരാൾക്ക് സ്ഥാനാർത്ഥി നേരിട്ട് പണം നൽക്കുന്നതും വീഡിയോയിൽ കാണാം. സ്ഥാനാർഥിക്കെതിരെ നിയമനടപടികളുണ്ടാകുമെന്നാണ് വിവരം. പണത്തിന്റെയും പാരിതോഷികങ്ങളുടെയും കുത്തൊഴുക്കാണ് തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തുടനീളം നടക്കുന്നത്.