വടകരയിൽ കെകെ രമ മത്സരിക്കാൻ താൽപര്യം അറിയിച്ചതായി രമേശ് ചെന്നിത്തല

വടകര: കെകെ രമ വടകരയിൽ മത്സരിക്കാനുള്ള താൽപര്യം അറിയിച്ചതായി രമേശ് ചെന്നിത്തല. കെ.കെ രമ മത്സരിക്കുന്ന സാഹചര്യത്തിൽ ആർ.എം.പിക്ക് യു.ഡി.എഫ് പിന്തുണ നൽകും. കേരളത്തിലെ കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ധർമ്മടത്ത് പ്രായോഗികവും രാഷ്ട്രീയവുമായ കാരണത്താൽ മത്സരിയ്ക്കാൻ കഴിയില്ലെന്നാണ് ഫോർവേഡ് ബ്ലോക് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചത്. കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ചേരിയിലെ രണ്ട് പ്രധാന നേതാക്കൾ പരസ്പരം മത്സരിക്കുന്നത് ശരിയായ സന്ദേശമാകില്ലെന്ന് ഫോർവേഡ് ബ്ലോക് സെക്രട്ടറി ജി ദേവരാജൻ പറഞ്ഞു. തർക്കമുള്ള മണ്ഡലങ്ങളിൽ ഇതുവരെ സമവായമായിട്ടില്ല.

അതിനിടെ, തർക്കമുള്ള ആറ് സീറ്റുകളിലടക്കം കോൺഗ്രസ് ഉടനെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും എം.എം ഹസൻ പറ‍ഞ്ഞു. ചൊവ്വാഴ്ച്ചയോടെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തികരിക്കുമെന്നും എംഎം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.‌