ജസ്നയെ തട്ടിക്കൊണ്ട് പോയതാകാം; സിബിഐ എഫ് ഐ ആർ

തിരുവനന്തപുരം: ജസ്നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന നിഗമനത്തിൽ സിബിഐ എഫ് ഐ ആർ. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. സി ബി ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

2018 മാര്‍ച്ച്‌ 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്നയെ കാണാതായത്. പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭി​ച്ചത്. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകളും പരി​ശോധനയ്ക്ക് വി​ധേയമാക്കി​.

ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡി ജി പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ജസ്നയുടെ സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.ഇതി​നി​ടെ പലയി​ടത്തും ജസ്നയെ കണ്ടതായി​ പ്രചാരണങ്ങൾ ഉണ്ടായെങ്കി​ലും അതൊന്നും സത്യമല്ലെന്ന് അന്വേഷണത്തി​ൽ വ്യക്തമായി​.

ഹർജിയിൽ ഹൈക്കോടതി വാദം കേള്‍ക്കുകയും സിബിഐ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.