കോട്ടയം: കേരളാ കോൺഗ്രസ്-എം സ്ഥാനാർഥി പ്രഖ്യാപനം നാളെയെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. സ്ഥാനാർഥികളിൽ യുവ പ്രാതിനിധ്യം ഉണ്ടാകുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.എല്ലാ മണ്ഡലത്തിലും ജയിക്കാൻ വേണ്ടിയാണ് പാർട്ടി മത്സരിക്കുന്നത്. എൽഡിഎഫിന്റെ ജയത്തിനാണ് പ്രധാന്യമെന്നും ജോസ് പറഞ്ഞു.
ഇടതു മുന്നണിയിലേക്കു കടന്നുവന്ന കേരള കോൺഗ്രസ് എം വിഭാഗത്തിന് സീറ്റുനൽകിയതിൽ സീറ്റ് നേടിയെടുക്കലല്ല, വിജയിച്ച് വരുന്നതാണ് ശക്തിയെന്നു പറഞ്ഞ കാനത്തിന്റെ പ്രസ്ഥാവനയിൽ മറുപടിയുമായാണ് ജോസ് കെ. മാണി രംഗത്തെത്തിയത്. മത്സരിക്കുന്നത് ജയിക്കാൻ വേണ്ടിത്തന്നെയാണെന്നും, ഇടതുമുന്നണിയുടെ ജയത്തിനായി മത്സരിക്കുമെന്നും ജയിക്കുമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിലാണ് ഇത്തവണ സിപിഐ മത്സരിക്കുക. ഇതിൽ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്നു പ്രഖ്യാപിച്ചത്. നാല് മണ്ഡലങ്ങളിലെ പ്രഖ്യാപനം അടുത്ത ദിവസം നടത്തുമെന്നു പ്രഖ്യാപിച്ച കാനം സീറ്റ് വിഭജനത്തിൽ പരാതിയില്ലെന്ന് വ്യക്തമാക്കി.
ഏതെങ്കിലും ഒരു കക്ഷി എൽഡിഎഫിൽ വന്നതിന്റെ പേരിൽ സിപിഐയുടെ സിറ്റിങ് സീറ്റുകൾ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ നേട്ടമുണ്ടാകുമോ എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാമെന്നും അദേഹം പറഞ്ഞു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ലഭിച്ചത് 15 സീറ്റാണ്.
എന്നാൽ ഇത്തവണ ഇടതു മുന്നണിയിലേക്കെത്തിയ ജോസ് പക്ഷത്തിന് ലഭിച്ചത് 13 സീറ്റും. ജോസിന് ഇത്രയധികം സീറ്റു ലഭിച്ചതിനാൽ യു.ഡി.എഫിൽ ജോസഫ് പക്ഷവും പിടിമുറുക്കുകയാണ്. സമ്മർദ്ദത്തിലൂടെ പരമാവധി സീറ്റുകൾ കൈപിടിയിലാക്കാനാണ് ജോസഫിൻ്റെ നീക്കം.