മുല്ലപ്പെരിയാർ: കേന്ദ്ര ജലകമ്മീഷൻ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആക്ഷേപം

കൊച്ചി: മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര ജലകമ്മീഷൻ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആക്ഷേപം. ഡാമിനെ സംബന്ധിച്ച് സുപ്രീം കോടതിയിൽ നിലവിലുള്ള ഒരു കേസിൻ്റെ ഭാഗമായി, ഡാം സുരക്ഷിതമാണെന്ന് കേന്ദ്ര ജലകമ്മീഷൻ വസ്തുതകൾക്ക് വിരുദ്ധമായി സത്യവാങ്മൂലം നൽകിയിരുന്നു.

അണക്കെട്ടിൻ്റെ സുരക്ഷ സംബദ്ധിച്ച് ഉപസമിതി രൂപീകരണത്തിനെതിരേ ഡോ ജോ ജോസഫ് നൽകിയ റിട്ട് ഹർജി സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ നിതിൻ കുമാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. പ്രളയം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ അണക്കെട്ട് പര്യാപ്തമാണെന്നും ഘടനാപരമായി അണക്കെട്ട് സുരക്ഷിതമാണെന്നുമാണ് സത്യവാങ്മൂലത്തിൽ ഉള്ളത്.

കേന്ദ്രജല കമ്മീഷൻ നൽകിയിരിക്കുന്ന ഈ സത്യവാങ്മൂലം കോടതിയെ തെറ്റിദ്ധരിപ്പിച്ച് തമിഴ്നാടിനു വേണ്ടി കേരളത്തെ ഒറ്റിക്കൊടുക്കുകയാണെന്നും മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന ആവശ്യത്തിൽ നിയമ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന “സുരക്ഷ ചാരിറ്റബിൾ ആൻഡ് പബ്ളിക് ട്രസ്റ്റ് ” ചെയർമാൻ അഡ്വ
. സോണു അഗസ്റ്റിൻ പറഞ്ഞു. 2014ലെ വിധിയിൽ, ഡാം സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രീം കോടതി നേരിട്ട് “മുല്ലപ്പെരിയാർ ഡാം മേൽനോട്ട സമിതി”യെ രൂപീകരിച്ച് നിയമിച്ചിരുന്നു.

മൂന്ന് അംഗങ്ങളുള്ള ഈ സമിതിയിൽ കേന്ദ്ര ജല കമ്മീഷൻ പ്രതിനിധിയും കേരള, തമിഴ്നാട് സർക്കാർ പ്രതിനിധികളുമാണ് അംഗങ്ങൾ. കേരളത്തിൻ്റെ പ്രതിനിധി ജലസേചന വകുപ്പ് സെക്രട്ടറിയാണ്. ഡാമിൻ്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്യണമെന്ന് മേൽനോട്ട സമിതിയോടു സുപ്രീം കോടതി 2014-ൽ ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്ന ഈ അറ്റകുറ്റപ്പണികൾ തങ്ങൾ ഇതുവരെയും ചെയ്തിട്ടില്ലെന്ന് 2020 ജൂലൈ 29 ന് മേൽനോട്ട സമിതി സുരക്ഷ ചാരിറ്റബിൾ ആൻഡ് പബ്ളിക് ട്രസ്റ്റിനെ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ അറിയിച്ചിരുന്നു. ഈ മറുപടി ലഭിച്ചതിനു ശേഷമുള്ള കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ സുപ്രീം കോടതി ആവശ്യപ്പെട്ട യാതൊരു സുരക്ഷാ പ്രവർത്തനങ്ങളും ഡാമിൽ ചെയ്തിട്ടുമില്ല.

2014ലെ വിധി പകർപ്പിൽ 195-ാം ഖണ്ഡികയിൽ ” പ്രധാന അണക്കെട്ടും ബേബി ഡാമും സുരക്ഷിതമാണെന്നും അണക്കെട്ടിൻ്റെ ജലസംഭരണ ശേഷി 1979 നു മുമ്പ് ഉള്ളതുപോലെ 152 അടിയാക്കി വർദ്ധിപ്പിക്കാമെന്നും പറയുന്നു. എന്നാൽ അണക്കെട്ട് സുരക്ഷിതമായി നിലനിർത്താൻ താഴെ പറയുന്ന ആറ് പ്രധാന അറ്റകുറ്റപ്പണികൾ സമയബന്ധിതമായി ചെയ്തു തീർക്കാൻ ആണ് 2014-ൽ സുപ്രീം കോടതി വിധിയിൽ ആവശ്യപ്പെട്ടത് .

“സുപ്രീം കോടതി നിർദ്ദേശിച്ച ആറ് അടിയന്തര അറ്റകുറ്റപ്പണികൾ നടപ്പിലാക്കിയോ? ” എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരം “സുരക്ഷ” മേൽനോട്ട സമിതിയോടു ചോദിച്ച ചോദ്യം. ഇതിന് മറുപടിയായി മേൽനോട്ട സമിതി നൽകിയത് വളരെ വിചിത്രമായ മറുപടി ആയിരുന്നു.

“മേൽനോട്ട സമിതിയുടെ തീരുമാനിച്ചതനുസരിച്ച് ഡാമിൻ്റെ ഘടനാപരമായ സുരക്ഷിതത്വം ഉറപ്പാക്കുവാനുള്ള മേൽ പറഞ്ഞ പണികളുടെ നിർവ്വഹണം ഞങ്ങളുടെ ഉത്തരവാദിത്വത്തിന് പുറത്താണ്. അവ നടപ്പാക്കേണ്ടത് 152 അടിയിലേക്ക് ജല സംഭരണം ഉയരുമ്പോഴാണെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. അതിനാൽ ഈ കാര്യങ്ങൾ മേൽനോട്ട സമിതിയുടെ കീഴിൽ വരുന്നതല്ല” എന്നുമായിരുന്നു മേൽനോട്ട സമിതി നൽകിയ വിശദീകരണം.

സുപ്രീംകോടതി ആവശ്യപ്പെട്ട അടിയന്തര അറ്റകുറ്റപ്പണികളും 152 അടിയിലേക്ക് സംഭരണ ശേഷി ഉയർത്തുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും സുപ്രീം കോടതി വിധിയുടെ 195-ാം ഖണ്ഡിക വായിച്ചാൽ വ്യക്തമാകുന്ന കാര്യമാണ്. അടിയന്തരമായി ചെയ്യണമെന്ന് നിർദ്ദേശിച്ചിരിക്കുന്ന ഈ അറ്റകുറ്റപ്പണികൾ ആറു വർഷം കഴിഞ്ഞിട്ടും ചെയ്യാതിരിക്കുന്നു എന്ന യാഥാർത്ഥ്യം മറച്ചു വച്ചാണ് കേന്ദ്ര ജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ ഇപ്പോൾ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

ഈ വിഷയത്തിൻ്റെ സത്യാവസ്ഥ സുപ്രീം കോടതിയെ ധരിപ്പിക്കേണ്ടതിൻ്റെ ഉത്തരവാദിത്വം കേരള സർക്കാരിനാണെന്നും, കേരളത്തിലെ 5 ജില്ലകളിലെ 50 ലക്ഷം ജനങ്ങളുടെ ജീവന് സർക്കാർ വിലകൽപ്പിക്കുന്നുണ്ടെങ്കിൽ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും “സുരക്ഷ” ആവശ്യപ്പെടുന്നു.