പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന് ശാസനയുമായി സിപിഐ ജില്ലാ എക്സിക്യുട്ടീവ്. മുഹ്സിൻ പാർട്ടി ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു നടപടി. മുഹ്സിൻ പാർട്ടിയുമായി ഒത്തുപോകുന്നതിൽ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചുകൊണ്ട് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മുഹ്സിന് പകരം ഒകെ സെയ്ദലവിയെ മത്സരിപ്പിക്കണമെന്നും ആവശ്യവും ഇവർ ഉയർത്തിയിരുന്നു. ശാസനയ്ക്ക് പിന്നാലെ മുഹ്സിനെ സിപിഐയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി.പാലക്കാട് ജില്ലയിലെ സിപിഐയുടെ സ്ഥാനാർത്ഥി സാധ്യത പട്ടികയുടെ രൂപരേഖ ഏകദേശം തയ്യാറായി. നിലവിൽ എംഎൽഎയായി മുഹ്സിനൊപ്പം ഒകെ സെയ്ദലിയുടെ പേരും പട്ടാമ്പി മണ്ഡലത്തിൽ ഉയർന്നുവരുന്നുണ്ട്.
പാർട്ടി ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണികണ്ഠൻ പാലോട് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കബീർ എന്നിവരുടെ പേരാണ് മണ്ണാർക്കാടേയ്ക്ക് പരിഗണിക്കപ്പെടുന്നത്. എന്നാൽ താൻ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുരേഷ് രാജുവുള്ളത്. അദ്ദേഹം എക്സിക്യുട്ടീവിൽ ഇതറിയിക്കുകയും ചെയ്തു.