നിയമസഭാ തിരഞ്ഞെടുപ്പ്: പി.ജയരാജന് സീറ്റില്ല; എംബി രാജേഷ് തൃത്താലയില്‍;ആലപ്പുഴയില്‍ പിപി ചിത്തര‍ഞ്ജനും, അമ്പലപ്പുഴയില്‍ എച്ച് സലാമും; സിപിഎം പട്ടിക ഉടൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിൽ സിപിഎം സ്ഥാനാർഥികളുടെ അന്തിമ ലിസ്റ്റ് ഉടൻ. പി.ജയരാജന് സീറ്റില്ല. തൃത്താലയില്‍ എം.ബി. രാജേഷ് മത്സരിക്കും. കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാൽ.കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവനെ ഏറ്റുമാനൂരും മത്സരിപ്പിക്കാൻ സി പി എമ്മിൽ ധാരണയായി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്നു പേർക്കും ഇളവ് നൽകാൻ സി പി എം നേതൃയോഗം തീരുമാനിക്കുകയായിരുന്നു.

ശക്തമായ സമ്മർദ്ദങ്ങളുണ്ടായെങ്കിലും മന്ത്രിമാരായ തോമസ് ഐസക്കിന്റെയും ജി സുധാകരന്റെയും കാര്യത്തില്‍ പുനഃരാലോചനയില്ല. പട്ടികയിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും. ആലപ്പുഴയില്‍ പിപി.ചിത്തര‍ഞ്ജനും, അമ്പലപ്പുഴയില്‍ എച്ച് സലാമും മത്സരിക്കും. അരൂരിൽ ഗായിക ദലീമ ജോജോയെ സി പി എം പരിഗണിക്കുന്നു. നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ദലീമ.

തൃത്താല മണ്ഡലത്തിൽ എം ബി രാജേഷ് സി പി എം സ്ഥാനാർത്ഥിയാകും. എം ബി രാജേഷിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി സംസ്ഥാന സമിതി അംഗീകരിച്ചതായാണ് വിവരം. തൃത്താലയിൽ കോൺഗ്രസിന്റെ യുവനേതാവ് വി ടി ബൽറാമിനെതിരെ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന നിർദേശമാണ് എം ബി രാജേഷിന് ഇളവ് നൽകാനുളള തീരുമാനത്തിന് പിന്നിൽ.

കൊട്ടാരക്കരയിലാകും കെ എൻ ബാലഗോപാൽ മത്സരിക്കുക. നിലവിലെ എം എൽ എ ഐഷാ പോറ്റി മൂന്നു തവണ കൊട്ടാരക്കരയിൽ നിന്നും വിജയിച്ചതാണ്. ഏറ്റുമാനൂർ സീറ്റിൽ നിന്നാകും വി എൻ വാസവൻ മത്സരിക്കുക. അതേസമയം, കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജന് സീറ്റുണ്ടാകില്ല.

തിരുവനന്തപുരം അരുവിക്കരയിൽ ജില്ലാ കമ്മിറ്റി നൽകിയ വി കെ മധുവിന്റെ പേര് സംസ്ഥാന കമ്മിറ്റി വെട്ടി. പകരം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി സ്റ്റീഫൻ സ്ഥാനാർത്ഥിയാകും. സാമുദായിക പരിഗണന കൂടി പരിഗണിച്ചാണ് സ്റ്റീഫന് നറുക്ക് വീണത്.

തരൂരിൽ നേരത്തേ പറഞ്ഞു കേട്ടപോലെ മന്ത്രി എ കെ ബാലൻ്റെ ഭാര്യ പി കെ ജമീല സ്ഥാനാർത്ഥിയാകും. ജമീല സ്ഥാനാർത്ഥിയാകുമെന്ന വാർത്ത അസംബന്ധമാണെന്ന മന്ത്രി ബാലൻ്റെ വികാരപ്രകടനങ്ങളാണ് ഇതോടെ പൊളിഞ്ഞത്. രാജു എബ്രഹാം ഏറെക്കാലം എം എൽ എയായിരുന്ന റാന്നി സീറ്റ് കേരള കോൺഗ്രസിന് നൽകാനും സി പി എം തീരുമാനിച്ചു.