തിരുവനന്തപുരം ചാലയിലെ ആര്യശാലയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം

തിരുവനന്തപുരം: ചാലയിലെ ആര്യശാലയിൽ വൻ തീപിടിത്തം. ഹിറ്റാച്ചിയുടെ ടൂൾസ് കടയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണയ്ക്കുകയാണ്. ആളപായമില്ലെന്നാണ് വിവരം.

ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. ഇതുവരെ തീ നിയന്ത്രണവിധേയമായിട്ടില്ല. കെട്ടിടത്തിന്റെ പലഭാഗങ്ങളും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

ആറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ചാലയിലുണ്ടാകുന്ന ആറാമത്തെ വലിയ തീപിടിത്തമാണിത്.