മലപ്പുറം: കെഎം ഷാജിയെ കാസർകോട് മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലീം ലീഗ് ജില്ലാ നേതാക്കൾ രംഗത്ത്.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് എതിർപ്പറിയിച്ച് ജില്ലാ നേതാക്കൾ. പുറത്തുനിന്ന് ഒരാളെ മത്സരിപ്പിക്കേണ്ടതില്ലെന്നും കാസർകോടുള്ളവർക്ക് അവസരം നഷ്ടപ്പെടുന്നതിന്റെ പ്രതിഷേധവും ജില്ലാ നേതാക്കൾ ലീഗ് നേതാക്കളെ അറിയിച്ചു.
കാസർകോട് ജില്ലാ പ്രസിഡന്റ് ഇ അബ്ദുള്ള, ജനറൽ സെക്രട്ടറി എ അബ്ദുൾ റഹിമാൻ, ട്രഷറർ കല്ലട്ര മായിൻ ഹാജി, കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന് എന്നിവരാണ് പാണക്കാടെത്തി എതിർപ്പറിയിച്ചത്. വിജയസാധ്യതയുള്ളവരെ സ്ഥാനാർഥിയാക്കണമെന്ന് തങ്ങൾ നേരത്തെ ആവശ്യപ്പെട്ടതാണെന്നും കാലങ്ങളായി ജില്ലയിൽ നിന്നുള്ളവരാണ് മത്സരരംഗത്തുള്ളതെന്നും ജില്ലാ നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളെ കണ്ട ശേഷം പ്രതികരിച്ചു.
അഴീക്കോട് മത്സരിക്കാനില്ലെന്നും കണ്ണൂരോ കാസർകോടൊ മത്സരിക്കാമെന്ന് കഴിഞ്ഞദിവസം കെഎം ഷാജി വ്യക്തമാക്കിയിരുന്നു. എന്നാൽ കാസർകോട് മത്സരിക്കാൻ നീക്കം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ കെഎം ഷാജി തള്ളുകയാണുണ്ടായത്. ജില്ലാ നേതാക്കൾ എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിൽ ഷാജി അഴീക്കോട് തന്നെ മത്സരിക്കാനാണ് സാധ്യത.