ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള മൂന്ന് ദേശീയ നിര്‍വാഹക സമതി അംഗങ്ങളില്‍ തഴഞ്ഞത് ശോഭാ സുരേന്ദ്രനെ മാത്രമാണ്. വി മുരളീധരനും പികെ കൃഷ്ണദാസും 16 അംഗ കമ്മിറ്റിയില്‍ ഇടം നേടി.

കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മെട്രോമാൻ ഇ. ശ്രീധരനെ പോലും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന കേന്ദ്രനിര്‍ദേശം അവഗണിച്ചുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. ഇന്നലെയാണ് ബിജെപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചത്.

ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്. മഹിള മോര്‍ച്ച നേതാവ് നിവേദിത മാത്രമാണ് കമ്മിറ്റിയിലെ ഏക വനിതാ പ്രതിനിധി. തൽക്കാലത്തേക്ക് ശാന്തമായിരുന്നുവെങ്കിലും പാർട്ടിയിൽ വീണ്ടും പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.