തളിപ്പറമ്പ്: ഗൂഗിൾ വഴി ലഭിച്ച വ്യാജ ബാങ്ക് കസ്റ്റമർ കെയർ നമ്പർ വഴി പരിയാരം സ്വദേശിക്ക് നഷ്ടമായത് അഞ്ചുലക്ഷം രൂപ. അണ്ടോംകുളത്തെ പുഴക്കൂൽ മഷ്ഹൂക്കിനാണ് ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണയായി അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടത്. ഇയാളുടെ പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
ഗൾഫിൽനിന്ന് നാട്ടിലെത്തിയ മഷ്ഹൂക്ക് കഴിഞ്ഞദിവസം എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാനായി പരിയാരം ചിതപ്പിലെപൊയിലിലെ എസ്.ബി.ഐയുടെ കൗണ്ടറിൽ കയറിയതോടെയാണ് സംഭവത്തിൻ്റെ തുടക്കം. ഇരുപതിനായിരം രൂപ പിൻവലിക്കാൻ വേണ്ടിയായിരുന്നു എ.ടി.എം കൗണ്ടറിൽ കയറിയത്. ആദ്യ തവണ 10,000 രൂപ പിൻവലിച്ചപ്പോൾ കൃത്യമായി ലഭിച്ചു. രണ്ടാമത്തെ തവണ 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പണം പിൻവലിച്ചതായി സന്ദേശം വന്നതല്ലാതെ മെഷീനിൽനിന്ന് പണം ലഭിച്ചില്ല.
തുടർന്നാണ് ഗൂഗിളിൽ സെർച് ചെയ്ത് കാനറാ ബാങ്കിൻ്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചത്. കസ്റ്റമർ കെയർ ഓഫിസർ ആണെന്ന് പറഞ്ഞയാൾ മാന്യമായി സംസാരിക്കുകയും പണം നഷ്ടപ്പെടാതിരിക്കാൻ പരാതി രജിസ്റ്റർ ചെയ്യണമെന്നും വിശ്വസിപ്പിച്ചു. അതിനായി ഒരു ലിങ്ക് ഫോണിലേക്ക് അയക്കുമെന്നും അതിൽ വ്യക്തിവിവരങ്ങൾ പൂരിപ്പിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. ഉടൻതന്നെ വ്യക്തിഗത വിവരങ്ങളും ഒ.ടി.പി നമ്പർ അടക്കം ഫോമിൽ പൂരിപ്പിച്ച് നൽകുകയും ചെയ്തു. അതിനു ശേഷമാണ് അഞ്ചുലക്ഷം രൂപ ഇരുപതിൽ കൂടുതൽ തവണകളിലായി മൂന്നു അക്കൗണ്ടുകളിലേക്ക് പിൻവലിച്ചതായി മഷ്ഹൂക്കിന് മനസ്സിലായത്. വീട് പണിയാൻ സ്വരൂപിച്ചുവെച്ച പണമാണ് നഷ്ടപ്പെട്ടത്.