കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യ ഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ഹർജിയാണ് പരിഗണിക്കുക. എൻഐഎ നൽകിയ കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ ഗൗരവമായ കണ്ടെത്തലുകൾ ഒന്നും ഇല്ലെന്നാണ് പ്രതികളുടെ പ്രധാന വാദം.
കസ്റ്റംസ്, ഇഡി കേസുകളിൽ സ്വപ്ന സുരേഷിന് ജാമ്യം കിട്ടിയിരുന്നു. കേസിൽ യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവില്ലെന്നും ഇത് കസ്റ്റംസ് കേസ് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്നും പ്രതികൾ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസിൽ അവസാന പട്ടികയിൽ വരുന്ന 10 പ്രതികൾക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോൾ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും അന്വേഷണം അതിൽ നിന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജൂലൈ 12 നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്തത്.