കൊച്ചി: മരട് ഫ്ളാറ്റ് കേസില്‍ ബില്‍ഡര്‍മാരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി റവന്യൂറിക്കവറി നടപടികളേപ്പറ്റി വിവരങ്ങള്‍ തേടി. റവന്യൂ റിക്കവറി നടത്തി സര്‍ക്കാരിലേക്കു തുക വസൂലാക്കാന്‍ കേരളത്തില്‍ നിലവിലുള്ള നടപടിക്രമമാണു അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ ആരാഞ്ഞത്.
ഇതുസംബന്ധിച്ചു റവന്യൂവിഭാഗം മറുപടി നല്‍കും. ഈ മാസം പത്തിനാണു സുപ്രീംകോടതി മരട് ഫ്ളാറ്റ് കേസ് വീണ്ടും പരിഗണിക്കുന്നത്. നാളെ ഇടക്കാല വിധിയ്ക്കു സാധ്യതയുണ്ട്. ജപ്തിനടപടി ഇനി വൈകിക്കാനാവില്ലെന്നാണു കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
അതിനിടെ വാങ്ങല്‍ രേഖ ഇല്ലാത്തതിന്റെ പേരില്‍ രണ്ടു ഫ്ളാറ്റ് ഉടമകള്‍ക്കു നഷ്ടപരിഹാരം നിഷേധിക്കരുതെന്നു സുപ്രീംകോടതി കഴിഞ്ഞതവണ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ പരിസ്ഥിതിവകുപ്പ് കോടതിയെ സമീപിക്കും. റിവ്യൂഹര്‍ജിയോ മോഡിഫിക്കേഷന് പെറ്റീഷനോ നല്‍കാനാണു നീക്കം.
ഇത്തരത്തില്‍ സെയില്‍ ഡീഡ് ഇല്ലാത്ത 13 പേര് നുഴഞ്ഞുകയറിയിട്ടുണ്ട്. ഇതു കൂടുതല്‍ സാമ്പത്തിക ബാധ്യതവരുത്തുമെന്നാണു സര്‍ക്കാരിന്റെ വാദം. എന്നാല്‍, കരാര്‍ രേഖയുണ്ടെന്ന ഫ്ളാറ്റ് ഉടമകളുടെ വാദം കണക്കിലെടുത്തു മാനുഷിക പരിഗണനയിലാണു നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.
അതേസമയം, അനധികൃത ഫ്ളാറ്റ് നിര്‍മ്മാണത്തിനു അനുമതി നല്‍കിയതില്‍ അഴിമതിയെപ്പറ്റി നടക്കുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങളും അമിക്കസ് ക്യൂരി തേടിയിട്ടുണ്ട്. നാലു കേസാണു ഇതുസംബന്ധിച്ചു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നു കേസ് ക്രൈംബ്രാഞ്ചും ഒരു കേസ് വിജിലന്‍സും. കൂടാതെ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷിച്ചുവരികയാണ്.