യൂത്ത്​ ലീഗ് പദയാത്രക്കിടയിലേക്ക്​ ലോറി ഓടിക്കയറി; നിരവധി പേർക്ക് പരിക്ക്​

മലപ്പുറം: മുസ്‌ലിം യൂത്ത്​ ലീഗ് പദയാത്രക്കിടയിലേക്ക്​ ലോറി ഓടിക്കയറിയതിനെ തുടർന്ന്​ നിരവധി പേർക്ക് പരിക്ക്​. ആരുടെയും പരിക്ക്​ ഗുരുതരമല്ല. കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്​ ലീഗ് പദയാത്രയുടെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകുന്നേരം 6.30ഓടെ ചെറുകാവ് പഞ്ചായത്തിലെ പര്യടനത്തിനിടെ ദേശീയപാതയിൽ ഐക്കരപ്പടി അങ്ങാടിയിലായിരുന്നു സംഭവം.

രാമനാട്ടുകര ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്നു ലോറിയാണ് അപകടം വരുത്തിയത്. പദയാത്രയിൽ അണിനിരന്നവരും റോഡിന്​ ഇരുവശം നിന്നവരും വാഹനത്തി​ൻ്റെ വരവ് കണ്ട് ചിതറിമാറിയതിനാലാണ് ആളപായം ഒഴിവായതെന്ന് യൂത്ത്​ ലീഗ്​ പ്രവർത്തകർ പറഞ്ഞു.

പദയാത്രയുടെ പൈലറ്റ് വാഹനം, റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ, മറ്റ് നിരവധി വാഹനങ്ങൾ എന്നിവ അപകടത്തിൽപ്പെട്ടു. ലോറി ഡ്രൈവർ പന്തീരങ്കാവ് സ്വദേശി നൈസാനിനെ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി കൊണ്ടുപോയി. ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി.