ഉദ്യോഗാർത്ഥി സമരം;പുതിയ ഉറപ്പുകളൊന്നുമില്ല;സർക്കാർ വാഗ്ദാനങ്ങൾ ഉത്തരവായിറക്കി

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട്, സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ ഉത്തരവായിറക്കി. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ അവകാശപ്പെടുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

പുതിയ ഉറപ്പുകളൊന്നും ഉത്തരവിലില്ല. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടികെ ജോസാണ് ചർച്ച നടത്തിയത്. ചർച്ചയിൽ വാക്കാൽ നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറക്കുകയാണ് ചെയ്തത്. സിപിഒമാരുടെ ലിസ്റ്റിൽ 7580 പേരിൽ 5609 പേർക്ക് പിഎസ്‌സി അഡ്വൈസ് മെമോ നൽകി. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. 1100 ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്ന വാദത്തിന് വസ്തുതകളുടെ അടിസ്ഥാനമില്ലെന്നും ഉത്തരവിൽ പറയുന്നു.

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനിയും രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്ന 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി തീർന്നിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ പരമാവധി ഒഴിവ് ലിസ്റ്റിൽ നിന്ന് നികത്തും. നൈറ്റ് വാച്ച്മാന്മാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നത് പരിശോധിക്കാമെന്നാണ് ഉറപ്പ്. എൽജിഎസ് ലിസ്റ്റ് കാലാവധി 4-8-2021 വരെ നീട്ടിയിട്ടുണ്ട്. പരമാവധി ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞെന്നും ഉത്തരവിൽ പറയുന്നുണ്ട്.