കൊച്ചി: ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ മിനിമം ബാലന്‍സിന്റെ പേരില്‍ ഫാസ്ടാഗിൽ വൻ തട്ടിപ്പെന്ന് വ്യാപക പരാതി. പരാതി. 200 രൂപ വരെ നിര്‍ബന്ധിത മിനിമം ചാര്‍ജ് ഈടാക്കി ബാങ്കുകള്‍ 300 കോടിയിലേറെ രൂപയുടെ ലാഭം കൊയ്യുന്നതായാണ് ആക്ഷേപം. മിനിമം ബാലന്‍സ് പൂര്‍ണമായും എടുത്തുകളഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് യാത്രക്കാര്‍.
രാജ്യത്താകെ ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം മൂന്ന് കോടിയ്ക്ക് മുകളിലാണ്. ഫാസ്ടാഗുകളിലെല്ലാം നിശ്ചിത തുക മിനിമം ബാലന്‍സ് നിര്‍ബന്ധമാണ്. 100 രൂപ മുതല്‍ 200 രൂപ വരെയാണ് മിനിമം ബാലന്‍സ്. കണക്കുകള്‍ ചേര്‍ത്തുവച്ചാല്‍ കുറഞ്ഞത് 300 കോടി രൂപയെങ്കിലും മിനിമം ബാലന്‍സ് ഇനത്തില്‍ ബാങ്കുകള്‍ക്ക് ലഭിക്കും.
മിനിമം ബാലന്‍സിന് താഴേക്ക് ഫാസ്ടാഗ് ഉപയോഗിക്കാന്‍ സാധിക്കില്ല. അങ്ങനെ വന്നാല്‍ പിഴയൊടുക്കണം. ഇത് ബാങ്കുകള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കുന്നതായാണ് ആരോപണം.
ഫാസ്ടാഗിലെ മിനിമം ബാലന്‍സ് പൂര്‍ണമായും എടുത്തുകളയണമെന്നും യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫാസ്ടാഗ് സേവനദാതാക്കളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു.