ന്യൂഡെൽഹി: ഒഴിഞ്ഞ കസേരകളെ സാക്ഷിനിർത്തി ആവേശത്തോടെ നടക്കുന്ന ബിജെപി പരിപാടിയുടെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സദസ്സ്യരില്ലാതെ സ്റ്റേജിൽ നിറയെ നേതാക്കളുള്ള ചിത്രമാണ് തരൂർ ട്വീറ്റ് ചെയ്തത്.
‘വേദിയിൽ അഞ്ചുപേർ, മൊത്തത്തിൽ ഏഴുപേർ, ഒരാൾ കേൾക്കാൻ.. ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം പങ്കുവച്ച് ശശി തരൂർ കുറിച്ചു. #BJPThePartyIsOver എന്ന ഹാഷ്ടാഗോടെയാണ് തരൂർ ചിത്രം പങ്കിട്ടിരിക്കുന്നത്. എന്നാൽ ഇത് എവിടെ നടന്ന പരിപാടിയാണെന്ന് അദ്ദേഹം ട്വീറ്റിൽ പറയുന്നില്ല.
പ്രസംഗിക്കുന്ന നേതാവ് അടക്കം അഞ്ചുപേരെ വേദിയിൽ കാണാം. ഒരു മൈക്ക് ഓപ്പറേറ്റർ സമീപത്തുണ്ട്. പിന്നെ കുടയും ചൂടി ഒരു വ്യക്തി പ്രസംഗം കേൾക്കാൻ കസേരയിലും. ബാക്കി നിരത്തിയിട്ട എല്ലാ കസേരകളും കാലിയാണ്. ഈ ചിത്രം പങ്കിട്ടാണ് ബിജെപിയെ അദ്ദേഹം പരിഹസിക്കുന്നത്.
കുറഞ്ഞ സമയത്തിനകം നിരവധി പേരാണ് ചിത്രം പങ്കുവെക്കുകയും പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തത്. അതേസമയം, എവിടെ, എപ്പോൾ നടന്ന പരിപാടിയുടെ ചിത്രമാണിതെന്ന് വ്യക്തമല്ല. ചിത്രം എഡിറ്റ് ചെയ്തതാണോ എന്ന സംശയവും ചിലർ ഉന്നയിച്ചിട്ടുണ്ട്.