കൊച്ചി: കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാർത്ഥിനിയായിരുന്ന ജെസ്‌ന തിരോധാനക്കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ നിലപാട് അറിയിച്ചതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ജെസ്‌നയുടെ സഹോദരൻ ജയ്‌സ് ജോൺ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് കേസ് ഡയറി എത്രയും വേഗം സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സാധ്യമായ രീതിയിൽ അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാൻ സിബിഐയ്ക്ക് നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. 2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന മുക്കൂട്ടുത്തറ സ്വദേശി ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്.