കൽപ്പറ്റ: വനംവകുപ്പിന്റെ ഒത്താശയോടെ വയനാട് മേപ്പാടിയിൽ വൻ വനംകൊളള. കോടികൾ വിലവരുന്ന ഈട്ടിമരങ്ങളാണ് ഉദ്യാഗസ്ഥരുടെ ഒത്താശയോടെ കാട്ടിൽ നിന്ന് മുറിച്ച് കടത്തിയത്. രണ്ടര കിലോമീറ്ററോളം ഉൾവനത്തിൽ നിന്ന് വഴിവെട്ടിത്തെളിച്ചാണ് മരം കടത്തിയത്. വിദേശത്തേക്ക് മരം കയറ്റി അയയ്ക്കാനാണ് കൊള്ളയെന്നാണ് സൂചന.
പ്രകൃതി ദുർബല പ്രദേശമാണ് മേപ്പാടി ഫോറ്സ്റ്റ് റേഞ്ചിന് കീഴിലെ മണിക്കുന്ന് മല. മലയുടെ മുകളിൽ ഇടിഞ്ഞ കൊല്ലിയിലെ വനഭൂമിയിൽ നിന്നാണ് ഏഴിലധികം ഈട്ടിതടികൾ മുറിച്ച് മാറ്റിയത്. വനത്തിൽ താമസിക്കുന്ന ആദിവസി കോളനിക്കാർ വനംകൊളളയ്ക്ക് നേർസാക്ഷികളാണ്.
ദിവസങ്ങളോളമെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റിയ മരങ്ങൾ, രണ്ടര കിലോമീറ്ററിലതികം കാട് വെട്ടിത്തെളിച്ച് ട്രാക്ടർ ഉപയോഗിച്ചാണ് താഴെയെത്തിച്ചത്. ഒരു കോടിയോളം രൂപ വിലവരുന്ന ഈട്ടിത്തടികൾ വിദേശത്തേക്ക് കടത്താനായിരുന്നു നീക്കം.
സംഭവത്തിൽ നാട്ടുകാരുടെ പരാതി വ്യാപകമായതോടെ ഫോറസ്റ്റ് കോൺസർവേറ്റർ എൻ. കെ സാജന്റെ നേതൃത്വത്തിൽ പ്രദേശത്ത് മിന്നൽ പരിശോധന നടത്തി. എന്നാൽ ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.