കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 14 ന് കൊച്ചിയിലെത്തും.
ബി.പി.സി.എല്‍. കൊച്ചി റിഫൈനറി, പോര്‍ട്ട് ട്രസ്റ്റ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ഫാക്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് രാജ്യത്തിന് സമര്‍പ്പിക്കുക.
14 ന് ചെന്നൈയില്‍ നിന്ന് ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി കൊച്ചിയിലെത്തും. കൊച്ചി റിഫൈനറിയില്‍ പൂര്‍ത്തിയാക്കിയ പ്രൊപിലിന്‍ ശഡറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പ്രോജക്റ്റാണ് ഉദ്ഘാടനം ചെയ്യുന്ന ഏറ്റവും വലിയ പദ്ധതി. 6000 കോടി രൂപയാണ് ഇതിന്റെ ചെലവ്.
കൊച്ചി തുറമുഖത്ത് 25.72 കോടി രൂപ ചെലവില്‍ എറണാകുളം വാര്‍ഫില്‍ നിര്‍മ്മിച്ച ഇന്റര്‍നാഷണല്‍ ക്രൂസ് ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഷിപ്പ്യാര്ഡിന്റെ പരിശീലന കേന്ദ്രമായ വിജ്ഞാന് സാഗര്‍ ക്യാമ്പസിലെ പുതിയ കെട്ടിടത്തിന്റെ സമര്‍പ്പണം, തുറമുഖത്ത് ഫാക്ടിന്റെ നവീകരിച്ച കോള്‍ ബെര്‍ത്തിന്റെ ഉദ്ഘാടനം എന്നിവയും നരേന്ദ്ര മോദി നിര്‍വഹിക്കും.
എല്ലാ പദ്ധതികളുടെയും സമര്‍പ്പണം ബി.പി.സി.എല്‍. റിഫൈനറിയുടെ അങ്കണത്തിലായിരിക്കും.