തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടി ഫർണസ് ഓയിൽ വെട്ടുകാട് മുതൽ വേളി വരെ കടലിലേക്ക് പടർന്നു. ഓടയിലൂടെയാണ് ഓയിൽ കടലിലേക്ക് എത്തിയത്. ചോർച്ച അടച്ചുവെന്ന് കമ്പനി അധികൃതർ അറിയിച്ചു. എണ്ണ പടർന്ന മണൽ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കും. ഇതിനായുള്ള നടപടികൾ തുടങ്ങി.
കടലിലേക്ക് എത്രമാത്രം എണ്ണ പടർന്നെന്നറിയാൻ കോസ്റ്റ്ഗാർഡ് നിരീക്ഷണം നടത്തും. ഇന്ന് പുലർച്ചെയോടെയാണ് ചോർച്ച കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫർണസ് ഓയിൽ 2 കിലോമീറ്റർ വരെ കടലിൽ വ്യാപിച്ചു. ഗ്ലാസ് പൗഡർ നിർമാണത്തിനു ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയിൽ ഉപയോഗിക്കുന്നത്.
വെട്ടുകാട് മുതൽ വേളി വരെ രണ്ടു കിലോമീറ്ററോളം എണ്ണ പടർന്നതായി നാട്ടുകാർ പറഞ്ഞു. രണ്ടു മാസത്തോളം മീൻപിടിക്കാൻ കഴിയില്ലെന്ന് വി.എസ്.ശിവകുമാർ എംഎൽഎയും പറഞ്ഞു. തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.