പിണറായി ബഹുമാനം അർഹിക്കുന്നില്ല; പ്രതിഷേധത്തിന് കാരണം ഷാനിമോളുടെ ഇടപെടൽ: കെ സുധാകരൻ

ന്യൂഡെൽഹി: രാഷ്ട്രീയത്തിൽ മാത്രമാണ് പിണറായി എന്റെ എതിരാളി. രാഷ്ട്രീയത്തിലല്ലാതെ അദ്ദേഹത്തെ ശത്രുതാ മനോഭാവത്തിൽ ഒരിക്കലും കണ്ടിട്ടില്ല. മുൻപ് പിണറായിയെക്കുറിച്ച് ആക്ഷേപങ്ങൾ വന്നപ്പോൾ തിരുത്തിയിട്ടുള്ള ആളാണ് താൻ. പിണറായി അഴിമതിക്കാരൻ ആയപ്പോഴാണ് അദ്ദേഹത്തെ വിമർശിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ എന്തെങ്കിലും ബഹുമാനം അർഹിക്കുന്നുണ്ടോ എന്നും കെ. സുധാകരൻ ചോദിച്ചു. പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്ന് പരാമർശിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഷാനിമോൾ ഉസ്മാനും നിലപാട് തിരുത്തിയ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിന് സിപിഎമ്മുകാർ പ്രതികരിച്ചത് വ്യാഴാഴ്ചയാണ്.

രണ്ടു ദിവസം കഴിഞ്ഞ് സിപിഎമ്മുകാർ രംഗത്തുവരാൻ കാരണം ഷാനിമോൾ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോൾ ഉസ്മാൻ ഒരാവശ്യവുമില്ലാത്ത കാര്യത്തിൽ ഇടപെട്ടു. ഇപ്പോൾ തെറ്റു മനസ്സിലാക്കി അവരത് തിരുത്തി. ആദരവോടെ അത് സ്വീകരിക്കുന്നു. പ്രതിപക്ഷനേതാവും അദ്ദേഹം പറഞ്ഞത് തിരുത്തിയിട്ടുണ്ട്. പാർട്ടി വൈകിയാണെങ്കിലും മുഖ്യമന്ത്രിക്കെതിരെ താൻ പറഞ്ഞകാര്യങ്ങൾ അംഗീകരിച്ചതിൽ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ താൻ ജാതി പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. തൊഴിൽ പറഞ്ഞാൽ ആക്ഷേപിക്കലാകുമോ. അതിൽ എന്താണ് അപമാനം. ഓരോ ആളുടെയും വളർന്ന സാഹചര്യങ്ങൾ അവരുടെ ദർശനങ്ങളെ സ്വാധീനിക്കും. തൊഴിൽ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യംചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗൗരിയമ്മയെ ഇഎംഎസും കോൺഗ്രസ് നേതാവ് കുട്ടപ്പനെ നായനാരും ജാതിപറഞ്ഞ് അപമാനിച്ചിട്ടില്ലേ. ഷാനിമോളെയും ലതികാ സുഭാഷിനെയും രമ്യ ഹരിദാസിനെയും അപമാനിച്ചിട്ടില്ലേ. എൻകെ പ്രേമചന്ദ്രനെ അടക്കം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും നമ്മുടെ മുന്നിലില്ലേ. ബിഷപ്പിനെക്കുറിച്ച് പറഞ്ഞത് പിണറായി തിരുത്തിയോ. സ്വാതന്ത്ര്യ സമര സേനാനി ഗോപാലനെ അട്ടംപരതി ഗോപാലൻ എന്നു വിളിച്ചയാളാണ് പിണറായി. അദ്ദേഹം എപ്പോഴെങ്കിലും അത് തിരുത്തിയിട്ടുണ്ടോ എന്നും സുധാകരൻ ചോദിച്ചു.