തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വരുമാനം നാലിലൊന്നായി കുറഞ്ഞ് അതീവ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ക് ഡൗൺ ആരംഭിച്ചതിനു ശേഷം കേരളത്തിൻ്റെ പ്രതിദിന വരുമാനത്തിൽ നിന്നുള്ള നഷ്ടം 300 കോടിയോളം രൂപയാണ്. ലോക്ക് ഡൗൺ ഇനിയും തുടരുകയാണെങ്കിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് ധനമന്ത്രി പറയുന്നത്.
സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, സാമൂഹ്യക്ഷേമ പെൻഷൻ തുടങ്ങിയവക്ക് മാത്രം കേരളത്തിന് പ്രതിമാസം വേണ്ടത് 7050 കോടി രൂപയാണ്. വികസന പ്രവർത്തനങ്ങൾ കൂടി കണക്കിലെടുമ്പോൾ പ്രതിമാസ ചെലവ് ഏകദേശം 12,000 കോടി രൂപ വരും. എന്നാൽ വരുമാനമാർഗങ്ങളെല്ലാം നിലച്ച ഈ സാഹചര്യത്തിൽ ചിലവുകൾ കൂടുന്നതല്ലാതെ അതിനു സമാനമായി പോലും വരവ് ഉണ്ടാകുന്നില്ല.
സംസ്ഥാനത്തിൻ്റെ നല്ലൊരു വരുമാന മാർഗമായ ബിവറേജസ് നിർത്തിയതോടു കൂടി നികുതി വരുമാനം ഇല്ലാതായി. ടുറിസം മേഖലയും തകർന്നു.
ജിഎസ്ടി പ്രകാരം കിട്ടേണ്ട പണം രണ്ട് മാസമായി കേന്ദ്രം നൽകുന്നില്ല. റവന്യൂ കമ്മി നികത്താൻ ധനകാര്യ കമ്മിഷൻ ശിപാർശ ചെയ്ത 15,323 കോടിയിൽ കേന്ദ്രം നൽകിയത് 1277 കോടി മാത്രമാണ്. സംസ്ഥാനത്തിൻ്റെ വരുമാനം നാലിലൊന്നായി കുറഞ്ഞെന്നും തോമസ് ഐസക് പറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ സാമ്പത്തികാവസ്ഥ ഏത് രീതിയിൽ ആയേക്കും എന്ന കാര്യത്തിൽ കടുത്ത ആശങ്കയാണെന്നും മന്ത്രി പറഞ്ഞു.